ചരിത്രമെഴുതി അലി വാസിർ, പാക് പാർലമെന്റിലെ ഏക കമ്മ്യൂണിസ്റ്റ്; പോരാട്ടവഴി

പാകിസ്താൻ പാർലമെന്റിൽ ചരിത്രമെഴുതി അലി വാസിർ. പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം നേടിയ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയാണ് അലി വാസിർ. തെക്കന്‍ വാസിരിസ്ഥാനില്‍ ജീവിച്ച അലി വാസിറിന്റെ പിതാവും രണ്ട് സഹോദരന്മാരും കുടുംബത്തിലെ 16 പേരും താലിബാന്റെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പട്ടിരുന്നു. ഇത് അലിയുടെ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിന് ആക്കം കൂട്ടി. 'ദി സ്ട്രഗിൾ' എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇദ്ദേഹം. 25,530 വോട്ടുകളാണ് അലി നേടിയത്. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി നേടിയത് വെറും 7, 515 വോട്ടുകളും. അതായത് 16,015 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അലി പാർലമെന്റിൽ എത്തിയിരിക്കുന്നത്.

ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയിൽ അലിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അലി അത് നിഷേധിച്ചാണ് ഇടതുപക്ഷ പാർട്ടികൾക്കൊപ്പം സഹകരിച്ചത്. പീന്നീട് അലിക്കെതിരെ വസീറിസ്ഥാനിൽ മറ്റ് സ്ഥാനാർത്ഥിയെ ഇമ്രാൻ ഖാൻ മൽസരിക്കാൻ രംഗത്തിറക്കിയുമില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് വൻ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ പാർലമെന്റിലേക്ക് ജനങ്ങൾ തിരഞ്ഞെടുത്തതും.

പാകിസ്താനിലെ മറ്റ് ഇടത് പാർട്ടികളോടൊപ്പം ചേർന്ന് രൂപീകരിച്ച ലാഹോർ ലഫ്റ്റ് ഫ്രണ്ടുമായി സഹകരിച്ചാണ് അലി വാസിർ തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. 'പഷ്തൂൺ തഹ്ഫാസ് മൂവ്മന്റ്' (പിടിഎം) എന്ന പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവാണ് അലി വാസിർ. ഭീകരവാദത്തിനെതിരെയുള്ള യുദ്ധം എന്ന പേരിൽ ഈ വർഷം പാകിസ്താനിലെ പ്രധാന നഗരങ്ങളിൽ എല്ലാം തന്നെ പിടിഎം ബഹുജന മീറ്റിങ്ങുകൾ നടത്തിയിരുന്നു. ആക്രമണങ്ങളിൽ ഇരയായവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും കുറ്റവാളികൾക്ക് ശിക്ഷ ആവശ്യപ്പെട്ടുമായിരുന്നു ഈ റാലികൾ സംഘടിപ്പിച്ചത്. പിടിഎമ്മിലെ രണ്ട് സ്ഥാനാർത്ഥികൾ കൂടി മൽസരരംഗത്ത് ഉണ്ടായിരുന്നു. അതിൽ മോഹ്സിൻ ജാവേദ് ദാവർ 16,526 വോട്ടുകൾക്ക് വിജയിച്ചു. മതത്തിന് ശക്തമായ സ്വാധീനമുള്ള വസീറിസ്ഥാനിൽ നിന്ന് തന്നെയാണ് ഇരുവരും മൽസരിച്ചത്. ഭീഷണികളുടെ നടുവിൽ നിന്നാണ് വീര്യത്തോടെ ഇവർ പോരാടിയത്. പഷ്തൂൺ ജനത അവരെ വിജയിപ്പിക്കുകയും ചെയ്തു.

‌ആരാണ് അലി വാസിർ?

അലി വാസിർ പ്രത്യേകതകളുള്ള മനുഷ്യനാണ്. ഈ പ്രസ്ഥാനത്തിലേക്ക് എത്തിച്ചേരുന്നതും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നതിലും അലിക്ക് വ്യക്തമായ കാരണങ്ങളുണ്ട്. മതതീവ്രവാദികൾക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്  അദ്ദേഹത്തിന്റെ ജന്മനാടായ വസീറിസ്താൻ. വാസിറിന്റെ പിതാവും രണ്ടു സഹോദരങ്ങളുമടക്കം 16 പേരെയാണ് ഭീകർ ഇവിടെ  കൊന്നൊടുക്കിയത്. കൂടാതെ വീടും പെട്രോൾപമ്പുമൊക്കെ അവര്‍ നശിപ്പിച്ചു. ഇതാണ് തീവ്രവാദത്തിനെതിരെ പോരാടാൻ അലിയെ പ്രേരിപ്പിച്ചത്