അവധിക്കാലാഘോഷം ഒഴിവാക്കി ആ ‍‍‍ഡോക്ടർ പറന്നെത്തി, 13 പേർക്ക് ജീവനേകി, അക്കഥ

യാത്രകളും സാഹസികതകളുമൊക്കെയായി അവധിക്കാലം ആഘോഷമാക്കാറുണ്ട് ‍ആസ്ട്രേലിയൻ ഡോക്ടർ റിച്ചാർ‍‍ഡ് ഹാരിസ്. ഇത്തവണയും അതു തന്നെയായിരുന്നു പ്ലാൻ. അതിനുള്ള ആസൂത്രണം നടത്തുന്നതിനിടെയാണ് ആ വിളി വരുന്നത്- തായ്‌ലൻഡിലെത്തണം, താം ലുവാങ്ങ് ഗുഹയിലകപ്പെട്ട കുട്ടികളുടെ രക്ഷകരിലൊരാളായി. രക്ഷാപ്രവർത്തക സംഘത്തിലെ  നിർണായക സാന്നിധ്യമായിരുന്നു അദ്ദേഹം. 

ഡൈവിങ്ങ് രംഗത്ത് 30 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട് ഡോക്ടർ ഹാരിസിന്. മറ്റൊന്നും നോക്കിയില്ല, ഹാരിസ് തായ്‌ലൻഡിലേക്ക് പറന്നു. കുട്ടികളെ പരിശോധിച്ച ശേഷം ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ കുട്ടികളെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കണമെന്ന നിർദേശം നൽകിയത് അദ്ദേഹമാണ്. കരുത്തരായ കുട്ടികളെ ആദ്യം പുറത്തെത്തിക്കാമെന്ന തീരുമാനം അങ്ങനെ ആ ഇടപെടലിലൂടെ പുതിയ വഴിത്തിരിവിലേക്കെത്തി. 

ഓരോ കുട്ടിയെയും പുറത്തെത്തിക്കുന്നതിനു മുൻപേ ഡോക്ടർ പരിശോധിക്കും. എല്ലാ ദിവസവും അവസാനത്തെ ആളെയും പുറത്തെത്തിച്ചതിനു ശേഷമാണ് ഡോക്ടർ ഗുഹക്കുള്ളിൽ നിന്ന് പുറത്തു കടന്നിരുന്നത്. 

ലോകം മുഴുവൻ ശ്വാസമടക്കി വീക്ഷിച്ചു കൊണ്ടിരുന്ന തായ്‌ലൻഡിലെ രക്ഷാപ്രവർത്തനത്തിന് ശുഭാന്ത്യം കുറിക്കുമ്പോള്‍ ഡോക്ടർക്കും കൂട്ടർക്കും സന്തോഷിക്കാം, മഹത്തായ ആ രക്ഷാപ്രവർത്തനത്തിൻറെ ഭാഗമായതിന്. അപ്പോഴും കൂട്ടത്തിലൊരാൾ വിട്ടുപോയതിർറെ മുറിവുണങ്ങിയിട്ടുണ്ടാകില്ല അവർക്ക്.