പാകിസ്താനിൽ ചരിത്രം സൃഷ്ടിച്ച് ഹിന്ദു യുവതി; ജനവിധി തേടാൻ സുനിത പർമാർ

പാകിസ്താനിൽ ചരിത്രമെഴുതി ഹിന്ദു യുവതി. രാജ്യത്ത് ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു യുവതിയെന്ന അപൂർവ്വ നേട്ടമാണ് സുനിത പർമാർ സ്വന്തമാക്കിയിരിക്കുന്നത്. 

ജൂലൈ 25ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സിന്ധ് പ്രവിശ്യയെ പ്രതിനിധീകരിച്ചാണ് സുനിത മത്സരിക്കുന്നത്. പാകിസ്താനിൽ ഏറ്റവുമധികം ഹിന്ദു വിശ്വാസികളുള്ള ജില്ലയാണ് തർപാർക്കർ. ജില്ലയിലെ പിഎസ്-56 മണ്ഡലത്തിൽ നിന്ന് സ്വതന്ത്രസ്ഥാനാർഥിയായാണ് സുനിത ജനവിധി തേടുന്നത്. 

ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതില്‍ മുൻ സർക്കാരുകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് മത്സരിക്കാൻ നിർബന്ധിതയായതെന്ന് ഈ 31കാരി പറയുന്നു. 

'ഞാൻ പ്രതിനിധീകരിക്കുന്ന മേഖലയുടെ വികസനത്തിനായി സര്‍ക്കാരുകൾ ഒന്നും ചെയ്തിട്ടില്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അടിസ്ഥാന സൗകര്യങ്ങളോ സ്ത്രീകൾക്ക് മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇവിടില്ല''

''ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കും. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഞാൻ വിശ്വസിക്കുന്നത്. സ്ത്രീകളെ ശക്തരാക്കാൻ മറ്റുവഴികളില്ല'', സുനിത പറഞ്ഞു.

2017ലെ സെൻസസ് പ്രകാരം തർപ്പാർക്കർ ജില്ലയിലെ ആകെ ജനസംഖ്യ 1.6 ദശലക്ഷമാണ്. ഇതിൽ പകുതിയും ഹിന്ദുവിശ്വാസികളാണ്. കഴിഞ്ഞ മാർച്ചിലാണ് ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു ദലിത് യുവതി പാകിസ്താൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിപിപി അംഗമായ കൃഷ്ണകുമാരി കോല്‍ഹി ആണ് സിന്ധിൽ നിന്ന് സെനറ്റിലെത്തിയത്.