പതിനാലുകാരന്‍ ചാവേറായി; നവാസ് ഷെരീഫിന്റെ വീടിനരികെ 9 പേർ കൊല്ലപ്പെട്ടു

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ലാഹോറിലെ വീടിനു സമീപം ചാവേർ ബോബാക്രമണം. ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ഇരുപത്തഞ്ചു പേർക്ക് പരുക്കേറ്റു. പൊലീസ് ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരെല്ലാം തന്നെ പൊലീസുകാരാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. 14 വയസു പ്രായമുള്ള ആൺകുട്ടിയാണ് ആക്രമണം നടത്തിയതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പൊലീസുകാരെ വധിക്കുക തന്നെയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. അക്രമിയുടെ ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തെ പ്രസിഡന്റ് മാംനൂൺ ഹുസൈൻ അപലപിച്ചു. തീവ്രവാദത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് വിശദീകരണം തേടി. 2018ൽ തലസ്ഥാന നഗരമായ ഇസ്ലാമാബാദിനെ ലക്ഷ്യം വച്ചുള്ള ആദ്യ ആക്രമണമാണ് ഇത്.