പാരീസ് ഉടമ്പടിയില്‍ അയഞ്ഞ് ട്രംപ്; വീണ്ടും ചേർന്നേക്കുമെന്ന് സൂചന

പാരീസ് ഉടമ്പടിയില്‍ ട്രംപിന് മനംമാറ്റം. ഉടമ്പടിയുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും യോജിക്കാവുന്ന കരാറുമായി മുന്നോട്ട് വന്നാല്‍ അമേരിക്ക സഹകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഉടമ്പടി ന·ഷ്ടമാണെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വര്‍ഷം അമേരിക്ക പിന്‍മാറിയിരുന്നു. 

പാരീസ് ഉടമ്പടിയില്‍ സഹകരിക്കാന്‍ തയ്യാറാണെന്നാണ് അമേരിക്ക നല്‍കുന്ന പുതിയ സൂചന. പക്ഷെ നിലവിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി യോജിക്കാവുന്ന വ്യവസ്ഥയോടെ കരാര്‍ പുതുക്കിയാല്‍ മാത്രമേ സഹകരിക്കുവെന്നാണ് ട്രംപിന്റെ നിലപാട്. അമേരിക്കയുടെ ബിസിനസ് അവസരങ്ങള്‍ ദുഷ്കരമാക്കുന്ന കരാറുകള്‍ പിന്‍വലിക്കണം.യു.എസിനോട് കാണിച്ച അനീതി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് കരാര്‍ പുതുക്കിയാല്‍ സഹകരിക്കുന്നതില്‍ പൂര്‍ണ സന്തോഷവാനാണെന്നും വ്യക്തമാക്കി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ അമേരിക്ക 2025 നകം പൂട്ടണമെന്ന നിലപാടിനെയാണ് ട്രംപ് പ്രധാനമായും എതിര്‍ത്തത്. നോര്‍വെ പ്രധാനമന്ത്രി എര്‍ന സോര്‍ബര്ഗിനൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തലായിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം .

അതേസമയം ഇറാനുമായുള്ള ആണവ കരാര്‍ പുതുക്കണമോയെന്നതില്‍ ഇന്ന് നയം വ്യക്തമാക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യുണീന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച്ച കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ പുതുക്കേണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. കരാറുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അമേരിക്ക നേരത്ത അറിയിച്ചിരുന്നു. അതേസമയം ഇറാനുമേല്‍ അനാവശ്യ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ അടവ് നയമാണിതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് വ്യക്തമാക്കി. ആണവ കരാര്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങളുടെ വിദേശകാര്യ സെക്രട്ടറിമാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.