വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ 'വഴിയില്ല'; കുടുങ്ങി നടി അദിതി; ഒടുവില്‍..

അര്‍ധരാത്രിയില്‍ വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോഴുണ്ടായ ദുരനുഭവം പങ്കിട്ട് നടി അദിതി റാവു ഹൈദരി. രാത്രി 12.10 ഓടെ വിസ്താരയുടെ വിമാനത്തില്‍ മുംബൈയിലെത്തിയപ്പോഴാണ് താരമുള്‍പ്പടെയുള്ള യാത്രക്കാര്‍ വലഞ്ഞു പോയത്. ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തെങ്കിലും യാത്രക്കാര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ ലാഡറോ, എയര്‍ബ്രിജോ സജ്ജമാക്കിയിരുന്നില്ല. തുടര്‍ന്ന് ദീര്‍ഘനേരം വിമാനത്തിലിരിക്കേണ്ടി വന്നതിന്‍റെ അസ്വസ്ഥത താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. 'ലാഡറോ, എയര്‍ബ്രിജോ ഇല്ല. പുലര്‍ച്ചെ 12.10നുള്ള എയര്‍ സര്‍ക്കസ് കണ്ടുകൊണ്ടിരിക്കുന്നു. മുംബൈ എയര്‍പോര്‍ട്ടിലെ രണ്ടാം ടെര്‍മിനലില്‍ കുടുങ്ങിക്കിടക്കുന്നു' എന്നായിരുന്നു അദിതിയുടെ പോസ്റ്റ്. 

താരത്തിന്‍റെ പോസ്റ്റ് വന്‍ ചര്‍ച്ചയായതിന് പിന്നാലെ വിമാനക്കമ്പനി പ്രതികരണവുമായി രംഗത്തെത്തി. വെറും  പന്ത്രണ്ട് മിനിറ്റാണ് കാലതാമസം ഉണ്ടായതെന്നും ചവിട്ടുപടി വയ്ക്കുന്നതിലുണ്ടായ തടസമാണ് കാരണമെന്നും ഉടനടി നടപടികള്‍ സ്വീകരിച്ചുവെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദമുണ്ടെന്നും കമ്പനി കുറിപ്പില്‍ പറയുന്നു. 

ഷാനവാസ് നരണിപ്പുഴയുടെ 'സൂഫിയും സുജാത'യിലൂടെയാണ് മലയാള പ്രേക്ഷകര്‍ക്ക് അദിതിയെ ആദ്യ പരിചയം. പദ്മാവതിലെ മെഹ്റുനിസയും വന്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. നിലവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ 'ഹീര്‍മാന്‍ഡി'യിലാണ് അദിതി പ്രധാന വേഷം ചെയ്യുന്നത്. 

Airline's response to Actress Aditi's Airport circus post