‘സവര്‍ക്കര്‍ക്കായി’ സ്വത്ത് വിറ്റു; എന്നിട്ടും പിന്തുണ ലഭിച്ചില്ല: രണ്‍ദീപ് ഹൂഡ

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ബയോപികായ ചിത്രം ‘സ്വതന്ത്ര്യ വീർ സവർക്കർ’ നിര്‍മ്മിക്കാന്‍ സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്ന് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ രൺദീപ് ഹൂഡ. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ചിത്രത്തിന് വേണ്ടി രണ്ടു വര്‍ഷം മാറ്റിവയ്ക്കേണ്ടിവന്നതെന്നും പണത്തിനായി വളരെയധികം പരിശ്രമിക്കേണ്ടിവന്നെന്നും രൺദീപ് വെളിപ്പെടുത്തിയത്.

സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ തനിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നും അച്ഛന്‍ തനിക്ക് വേണ്ടി വാങ്ങിയ സ്വത്തുക്കള്‍ വരെ സിനിമക്കായി വിറ്റുവെന്നും എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ലെന്നും രണ്‍ദീപ് പറഞ്ഞു. ഓഗസ്റ്റ് 15നോ ജനുവരി 26നോ ആയിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പല പ്രതിസന്ധികളും റിലീസ് നീട്ടിക്കൊണ്ടുപോയി, രണ്‍ദീപ് പറയുന്നു.

സവര്‍ക്കറുടെ കഥാപാത്രത്തിന് വേണ്ടി ഭാരം കുറച്ചതിനെപറ്റിയും രണ്‍ദീപ് സംസാരിച്ചു. ഭാരം 60 കിലോഗ്രം വരെ കുറച്ചു. സിനിമ നീണ്ടു പോയതിനാൽ വളരെക്കാലം ഭാരം കുറച്ചു തന്നെ ജീവിക്കേണ്ടിവന്നു. ശരിയായി ഭക്ഷണമില്ലാതെ, വെള്ളവും കട്ടൻ കാപ്പിയും ഗ്രീൻ ടീയും കുടിച്ചാണ് സിനിമ ചെയ്തത്. ഭക്ഷണ ശീലങ്ങളിലെ മാറ്റം ഉറക്ക പ്രശ്‌നങ്ങളിലേക്ക് നയിച്ചു, ക്ഷീണം കാരണം സെറ്റിൽ വീണുപോയിട്ടുണ്ട്, രണ്‍ദീപ് പറയുന്നു. കുതിരപ്പുറത്ത് കയറുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റതും ലിഗമെന്‍റുകള്‍ക്ക് പ്രശ്നമുണ്ടായതും രണ്‍ദീപ് ഹൂഡ ഓര്‍ത്തെടുത്തു. അള്ളാബാദിയുടെ പോഡ്കാസ്റ്റിലാണ് രൺദീപ് ഹൂഡയുടെ തുറന്നുപറച്ചില്‍.