മറ്റാരും പറയാത്ത ജീവിതം പകര്‍ത്തി; വിട, മലയാളത്തിന്റെ റിയല്‍ മാസ്റ്റര്‍

മികച്ച സാഹിത്യ സൃഷ്ടികളുടെ കാതല്‍ എഴുത്തുകാരന്‍റെ ജീവിതാനുഭവങ്ങളാണ്. അത്തരത്തില്‍ മലയാളത്തില്‍ അനുഭവങ്ങളും ജീവിതവും കാച്ചിക്കുറുക്കി ധാരാളം എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും കടന്നു വന്നിട്ടുണ്ട്. മലയാള സിനിമയില്‍ കാമ്പും കാതലുമുള്ള കുറെ നല്ല സിനിമകള്‍ ചെയ്ത കെ.ജി.ജോര്‍ജ് ശ്രദ്ധിക്കപ്പെടുന്നതും അദ്ദേഹത്തിന്‍റെ ജീവിതം മുറ്റിനില്‍ക്കുന്ന കഥകള്‍കൊണ്ടാണ്. എല്ലാ സിനിമകളിലും ജോര്‍ജ് സ്വന്തം അനുഭവങ്ങള്‍ മാത്രമല്ല, എല്ലാ സാധാരണക്കാരായ പ്രേഷകരുടെയും അനുഭവങ്ങളും ചേര്‍ത്തുവച്ചു. അതുകൊണ്ട് നമ്മള്‍ കെജി ജോര്‍ജിനെ മലയാളത്തിന്റെ എക്കാലത്തെയും വലിയ മാസ്റ്റര്‍ എന്നുവിളിക്കുന്നു.

നന്മമരങ്ങള്‍ മാത്രമായിരുന്നില്ല, കെ.ജി ജോര്‍ജിന്‍റെ കഥാപാത്രങ്ങള്‍. ദേഷ്യവും പകയും കുശുമ്പും, സ്നേഹരാഹിത്യവും ആര്‍ത്തിയുമെല്ലാമുണ്ടായിരുന്ന മനുഷ്യര്‍. സ്ത്രീകളായ കഥപാത്രങ്ങളും വേറിട്ടു നിന്നു. 1976ല്‍ സ്വപ്നാടനം മുതൽ 1998ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശം വരെ നീണ്ടു കിടക്കുന്ന ജോർജിന്റെ ചിത്രങ്ങളില്‍ ഒട്ടുമിക്കതും മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. കലാ സിനിമകളുടെയും വാണിജ്യ സിനിമകളുടെയും അതിർ രേഖ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കെജി ജോര്‍ജിന്റെ സിനിമകള്‍ മുന്നേ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു.

റിയലിസ്റ്റിക് സിനിമ വല്ലാതെ ആഘോഷിക്കപ്പെടുന്ന പുതിയ കാലത്ത് മലയാളത്തിന്റെ റിയല്‍ മാസ്റ്ററായി അദ്ദേഹം വീണ്ടും വീണ്ടും പ്രതിഷ്ഠിക്കപ്പെടുന്നു. അതില്‍ തന്നെ ആദാമിന്‍റെ വാരിയെല്ല് എടുത്തു പറയണം. ഒന്ന് കണ്ണോടിച്ചാല്‍ ഇന്നും കാണാം വാസന്തിയും, ആലിസും, പൊന്നമ്മയുമൊക്കെ. വെള്ളിത്തിരയില്‍ പ്രേഷകര്‍ക്ക് സ്വയം കാണ്ടെത്താനായി എന്നതാണ് ജോര്‍ജിന്‍റെ സിനിമകളുടെ പ്രത്യേകത. ഭരത് ഗോപിയും ശ്രീവിദ്യയും വേണു നാഗവള്ളിയുമൊക്കെ ജോര്‍ജ് ചിത്രങ്ങളിലെ സ്ഥിരം മുഖങ്ങളായി.

പൊളിറ്റിക്കല്‍ സറ്റയറുകള്‍, സ്ത്രീപക്ഷ സിനിമകള്‍, സൈക്കോളജിക്കല്‍ സ്വഭാവമുള്ള കുറ്റാന്വേഷണങ്ങള്‍ അങ്ങനെ പല ജോണറുകളില്‍ ജോര്‍ജിന്‍റെ കഥകള്‍ വെള്ളിത്തിരയിലെത്തി. പദ്മരാജനും ഭരതനും മോഹനുമൊപ്പം മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഒരു കഥാകാരനായി. എന്നാല്‍ പുത്തന്‍ താരങ്ങളുടെ കടന്നു വരവോടെ ചലച്ചിത്ര മേഖലയില്‍ നിന്ന് കെ.ജി ജോര്‍ജ് അല്പം ഇടവേളയെടുത്തെങ്കിലും അദ്ദേഹത്തിന്‍റെ സിനിമകള്‍ ഒളിമങ്ങാതെ നിന്നു. അതില്‍ ഏറ്റവും പോപ്പുലറായി നിന്നത് യവനികയാണ്. കാരണം അതുവരെ ഇറങ്ങിയതില്‍ വെച്ച് വ്യത്യസ്തമായിരുന്നു കഥാ പശ്ചാത്തലവും ആഖ്യാനവും.

വക്കച്ചൻ എന്ന തിലകന്റെ കഥാപാത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാടക ട്രൂപ്പിനെ ചുറ്റിപ്പറ്റിയാണ് കഥ. ചിത്രം സാമൂഹ്യ വ്യവസ്ഥയുമായി കലഹിക്കുന്നുണ്ട്. കലാ സിനിമകളും വാണിജ്യ സിനിമകളും രണ്ടും രണ്ടായിരുന്ന കാലഘട്ടത്തിലാണ് യവനിക പോലെ ഒരു റിയലിസ്റ്റ് ചിത്രം ഇറങ്ങുന്നത്. കെ.ജി.ജോർജിന്റെ സിനിമകളെല്ലാം ഈയൊരു സ്വഭാവം കാത്തുപോന്നിരുന്നു. കഥകൾ സാധാരണ മനുഷ്യനിലേക്ക് തൊട്ടുനിന്നിരുന്നു. ഈ സിനിമകൾ വാണിജ്യപരമായും വിജയം കണ്ടു. യവനിക മാത്രമല്ല കെ ജി ജോർജിന്റേതായി പുറത്തുവന്ന ആദാമിന്റെ വാരിയെല്ല്, കോലങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, മണ്ണ്, ഉൾക്കടൽ, മേള, പഞ്ചവടിപ്പാലം, ഇരകൾ, കഥക്ക് പിന്നിൽ, മറ്റൊരാൾ ഇങ്ങനെ നിരവധി സിനിമകളും പ്രേക്ഷകമനസ്സില്‍ ആഴത്തില്‍ അടയാളപ്പെട്ടു.‌

ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിലും ചേര്‍ത്തുവെയ്ക്കാവുന്നതാണ് അദ്ദേഹത്തിന്‍റെ സിനിമകളോരോന്നും. പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനക്കുറുപ്പിനെയും ഇസഹാക്ക് തരകനുമൊക്കെ ഇവിടൊക്കെത്തന്നെയുണ്ട്. അടിസ്ഥാനപരമായി ജോര്‍ജ് നോക്കിയതും പഠിച്ചതും സമൂഹത്തിലേക്കായിരുന്നു എന്നതിന് തെളിവ്. അദ്ദേഹത്തിന്‍റെ നഷ്ടം നല്ല കഥകളുടേത് കൂടിയാണ്. കടന്നു വന്ന അനുഭവങ്ങളോട് തുറന്നുപിടിക്കുന്ന മനസാണ് അതിനെ കഥകളാക്കുന്നത്. കെ.ജി ജോര്‍ജ് അത്തരത്തില്‍ എത്ര കഥകളാണ് പറഞ്ഞത്. മലയാള സിനിമയില്‍ നവതരംഗത്തിന് വഴിതുറന്ന സംവിധായകന്‍ ഇന്ന് കാലത്തിന്‍റെ യവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, അദ്ദേഹത്തിന്‍റെ കഥകള്‍ക്ക്, പറഞ്ഞുതന്ന അനുഭവങ്ങള്‍ക്ക്, പകര്‍ത്തിവച്ച സിനിമകള്‍ക്ക് വീര്യം കൂടുമെന്നുറപ്പ്.