'കദളി കണ്‍കദളി'.. ലതാജിക്ക് വേണ്ടി ഹിന്ദിയിലാക്കി കെ.ജി ജോര്‍ജ്

മലയാളത്തില്‍ ഒരേയൊരു പാട്ടാണ് ലതാ മങ്കേഷ്കര്‍ പാടിയത്. അത് 'നെല്ല്' എന്ന രാമുകാര്യാട്ടിന്‍റെ ചിത്രത്തിലായിരുന്നു. ചിത്രത്തിന്‍റെ സഹതിരക്കഥാകൃത്തായിരുന്ന കെ.ജി ജോര്‍ജായിരുന്നു ലതാ മങ്കേഷ്കര്‍ക്ക് വേണ്ടി അത് ഹിന്ദിയിലേക്ക് പകര്‍ത്തിയെഴുതിയത്. ലതാമങ്കേഷ്കര്‍ പാടിയെന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അന്ന് തിയറ്ററില്‍ ആളെത്തിയെന്ന് പി. വല്‍സല മുന്‍പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

സലില്‍ ചൗധരിയാണ് ലതാ മങ്കേഷ്കറെ മലയാളത്തിലേക്ക് എത്തിച്ചത്. വയലാര്‍ എഴുതിയ 'കദളി കണ്‍കദളി, ചെങ്കദളി ' എന്ന പാട്ടുപാടുന്നതിന് മുന്‍പായി വരികൾ പൂർണമായും ഹിന്ദിയില്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജോര്‍ജിനാവട്ടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയത് കൊണ്ട് തന്നെ ഹിന്ദി നല്ല വഴക്കവും. ജോര്‍ജ് തന്നെ പാട്ടിന്റെ വരികള്‍ പൂര്‍ണമായും ഹിന്ദിയിലേക്ക് മാറ്റി. വരി പകര്‍ത്തിയെഴുതി നല്‍കുക മാത്രമല്ല, അതിന്‍റെ അര്‍ഥം കൂടി ജോര്‍ജ് ഹിന്ദിയില്‍ ലതാ മങ്കേഷ്കര്‍ക്ക് വിവരിച്ചു കൊടുക്കുക കൂടി ചെയ്തതോടെ ലതാ മങ്കേഷ്കറും ഹാപ്പിയായി. അങ്ങനെ പാട്ടിന്റെ പശ്ചാത്തലവും അര്‍ഥവും പൂര്‍ണമായി മനസിലാക്കിയ ശേഷമാണ് അവര്‍ ആ പാട്ട് പാടിയത്. കാലമിത്ര കഴിഞ്ഞിട്ടും കാതിനിമ്പത്തോടെ കദളി കണ്‍കദളി നിലനില്‍ക്കുന്നതിന് പിന്നില്‍ ഇക്കാരണം കൂടിയുണ്ട്. പി.വത്സലയുടെ ‘നെല്ല്’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു ചിത്രം.

KG George's Hindi translation for Malayalam song 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.