'തിരക്കഥ തരാം; നിങ്ങള്‍ വായിച്ചിട്ട് പറയൂ': ഇനി നിയമവഴിയെന്ന് നിഷാദ് കോയ

'മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമ തന്‍റെ 'ഇന്‍ഡോ–പാക്' എന്ന തിരക്കഥ മോഷ്ടിച്ചെടുത്തതാണെന്ന് ആവര്‍ത്തിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയ. വ്യക്തവും കൃത്യവുമായ തെളിവുകളാണ് തന്‍റെ കൈവശം ഉള്ളതെന്നും  നിയമപരമായി നീങ്ങാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം മനോരമന്യൂസ്.കോമിനോട് പറഞ്ഞു. 

ഹരാസ് ചെയ്തത് കൊണ്ടാണ് വിശദീകരിക്കേണ്ടി വന്നത്...

ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നുള്‍പ്പടെ ആളുകള്‍ വിളിച്ചിരുന്നു. നിലവിലും ചര്‍ച്ചകള്‍ നടക്കുന്നു. സംസാരിച്ച് പരിഹരിക്കാമെന്നാണ് എല്ലാവരും പറയുന്നത്. പ്രസ്തുത ചിത്രത്തിന്‍റെ റിലീസിന്‍റെ തലേ ദിവസമാണ് എന്‍റെ സിനിമയുടെ കഥ ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ആ രാത്രിയില്‍ തന്നെ എനിക്ക് വിളി വന്നു. ഒരു സിനിമ ഇറങ്ങുകയല്ലേ, നമുക്ക് ലീഗലി നീങ്ങാം എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ ചിത്രം ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വ്യക്തിപരമായ അധിക്ഷേപമാണ് എനിക്കെതിരെ ഉയര്‍ന്നത്. ഇന്‍ഡസ്ട്രിക്ക് തന്നെ മോശമാണ് ഞാനങ്ങനെ ചെയ്തതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിമുഖങ്ങളില്‍ പറഞ്ഞു. ഇതോടെയാണ് എന്‍റെ ഭാഗം വ്യക്തമാക്കേണ്ടി വന്നത്. 

തുറന്നു പറച്ചിലിന് ശേഷം ആരെങ്കിലും വിളിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തോ?

സിനിമയുമായി ബന്ധപ്പെട്ട് പരാമര്‍ശങ്ങള്‍ നടത്തിയ ആരും വിളിച്ചില്ല. ഡിജോയും നിവിനും ആരും വിളിച്ചിട്ടില്ല. 

തിരക്കഥ റജിസ്റ്റര്‍ ചെയ്തിരുന്നോ?

ഇല്ല, അത് പുതിയ തലമുറയിലുള്ളവരാണ് കൂടുതലായും ചെയ്തു വരുന്നത്. എന്നാല്‍ ഗള്‍ഫിലെ ചിത്രീകരണത്തിനും മറ്റു അനുമതികള്‍ക്കുമായി അന്ന് ഔദ്യോഗികമായി അയച്ച ഇ–മെയില്‍ സന്ദേശങ്ങളും മറ്റ് രേഖകളും കൈവശമുണ്ട്. പകര്‍പ്പവകാശ നിയമപ്രകാരമുള്ള റജിസ്ട്രേഷന്‍ നടത്തിയിട്ടില്ല. ചിത്രത്തിന്‍റെ നിര്‍മാതാവ് പറഞ്ഞതനുസരിച്ചാണെങ്കില്‍ അവര്‍ ചിത്രം സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നേകാല്‍ വര്‍ഷം മുന്‍പ് ആരംഭിച്ചുവെന്നാണ്. 2021 ലാണ് ഞാന്‍ ചിത്രം അനൗണ്‍സ് ചെയ്യുന്നത്. 

മലയാളി ഫ്രം ഇന്ത്യ കണ്ടോ?

സിനിമ ഞാന്‍ കണ്ടു. എന്‍റെ കഥ തന്നെയാണ്. നിങ്ങള്‍ക്ക് എന്‍റെ സ്ക്രിപ്റ്റ് വേണോ, മാധ്യമ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. നിങ്ങള്‍ വായിച്ചിട്ട് പറയൂ.

ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിന്‍റെ റിലീസിന് തലേ ദിവസമാണ് നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന തുടക്കത്തോടെ 'ഇന്‍ഡോ–പാക്' എന്ന തന്‍റെ സിനിമയുടെ കഥ നിഷാദ് കോയ ഫേസ്ബുക്കിലൂടെ പുറത്തുവിടുന്നത്. മലയാളി ഫ്രം ഇന്ത്യയുടെ റിലീസിന് ശേഷം വിവാദം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. 2021 ഓഗസ്റ്റ് 31 ന് ജയസൂര്യയെ നായകനാക്കി ജോഷിയുടെ സംവിധാനത്തില്‍ താന്‍ ഒരു സിനിമയ്ക്കായി തയ്യാറെടുക്കുന്നുവെന്ന് നിഷാദ് കോയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

Screenwriter Nishad Koya on plagiarism  row