യുകെയില്‍ നിന്ന് ട്വീറ്റിലൂടെ പരാതി, തലസ്ഥാനത്തിരുന്ന് പരിഹരിച്ച് മന്ത്രി എംബി രാജേഷ്

ഒറ്റപ്പാലം സ്വദേശി നയൻതാര ശശിധരൻ യു.കെയിൽ നിന്നും ട്വിറ്ററിലൂടെ മന്ത്രിയോട് പരാതി പറഞ്ഞു. പിന്നാലെ പരിഹരിച്ച് മന്ത്രിയുടെ മറുപടിയുമെത്തി. ഹരിത കർമ സേനക്കാർ ശേഖരിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളിലാക്കി തന്റെ വീടിനു മുന്നിൽ കൂട്ടിയിട്ടിരിക്കുന്നുവെന്നായിരുന്നു മന്ത്രി എം.ബി രാജേഷിനോട് നയന്‍താര പരാതി പറഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ കുരുമത്തൂര്‍ പഞ്ചായത്തിലെ വീടിനു മുന്നിലാണ് ചാക്കു കൂട്ടിയിരുന്നത്. ഇത് പരിഹരിക്കാനാവിശ്യപ്പെട്ടാണ് യുവതി രംഗത്തെത്തിയത്.

കുടുംബത്തോടൊപ്പം 17 വര്‍ഷമായി യു.കെയിൽ ആയതിനാൽ വീടു പൂട്ടിയിട്ടിരിക്കുകയാണെന്നും സഹായിക്കണമെന്നുമായിരുന്നു അഭ്യർത്ഥന. പരാതി കണ്ട മന്ത്രി ഉടന്‍ പരിഹരിക്കാന്‍ ഉത്തരവിടുകയായിരുന്നു. വീടിനു മുന്നിലെ ചാക്കുകളെല്ലാം നീക്കം ചെയ്‌ത ചിത്രം മന്ത്രി ട്വിറ്ററിലൂടെ തന്നെ മറുപടിയായി നല്‍കി. 'നിങ്ങളുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതിന് ശേഷം ആവശ്യമായ നിർദ്ദേശം നൽകി. നിങ്ങളുടെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്' എന്നും മന്ത്രി കുറിച്ചു. മന്ത്രിക്ക് നന്ദി അറിയിക്കാനും പരാതിക്കാരി മറന്നില്ല.