100 കണക്കിന് ആടുകൾ തുടർച്ചയായി 12 ദിവസം വട്ടത്തിൽ നടക്കുന്നു; വിചിത്രം; വിഡിയോ

12 ദിവസം തുടർച്ചയായി തന്റെ 100 കണക്കിന് ആടുകൾ വടത്തിൽ മാത്രം ചുറ്റി നടക്കുന്നതിൽ പരിഭ്രാന്തനായി ഉടമ. വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയ എന്ന പ്രദേശത്താണ് ആടുകൾ ഒരു പ്രത്യേക രീതിയിൽ വട്ടം ചുറ്റിയത്. അതും തുടർച്ചയായി 10–12 ദിവസങ്ങളോളം. പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. 

ഒരു ഫാമിന് സമീപത്തായി ആടുകൾ ഒന്നിന് പിറകെ ഒന്നായി നിർത്താതെ വട്ടം ചുറ്റുന്നത് വിഡിയോയിൽ കാണാം. ചൈനീസ് സർക്കാർ ഔട്ട്‌ലെറ്റായ പീപ്പിൾസ് ഡെയ്‌ലിയാണ് ഈ വിഡിയോ പുറത്ത് വിട്ടത്. ആടുകൾ പൂർണ ആരോ​ഗ്യത്തോടെയിരിക്കുന്നു എന്നും എന്നാൽ ഈ വിചിത്രമായ നടത്തത്തിന്റെ കാരണം ദുരൂഹമായി തുടരുന്നു എന്നും അവർ റിപ്പോർട്ട് ചെയ്തു. മുഴുവൻ ആട്ടിൻകൂട്ടവും ചേരുന്നതിന് മുമ്പ് കുറച്ച് ആടുകൾ മാത്രമാണ് ഇങ്ങനെ നടന്നിരുന്നതെന്ന് മിയാവോ എന്ന ആടിന്റെ ഉടമ പറയുന്നതായാണ് റിപ്പോർട്ട്.

34 ആട്ടിൻ‌ തൊഴുത്തുകളാണ് അവിടെ ഉള്ളത്. എന്നാൽ, അതിൽ നമ്പർ 13 എന്ന ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ഇത്തരത്തിൽ നടന്നത്. ആടുകളുടെ പെരുമാറ്റം ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമെന്ന് ചിലർ അനുമാനിക്കുന്നു. ഇത് ആടുകളിൽ വിഷാദത്തിന് കാരണമാക്കുന്നുവെന്നും പറയപ്പെടുന്നു.