കുട്ടിയാനയെ ഗ്രാമവാസികൾ കൊന്നു; ഗ്രാമവാസികളിൽ ഒരാളെ ചവിട്ടിയരച്ചുകൊന്ന് കാട്ടാനക്കൂട്ടം

കുട്ടിയാനയെ ഗ്രാമവാസികൾ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം കാട്ടാനക്കൂട്ടം ഗ്രാമവാസിയെ ചവിട്ടിക്കെന്നു. ഛത്തീസ്ഗഡിലെ കോർബ എന്ന പ്രദേശത്താണ് സംഭവം. കൃഷിയിടത്തിലേക്ക് ഇറങ്ങിയ കുട്ടിയാനയെ ഗ്രാമവാസികൾ കഴിഞ്ഞയാഴ്ച കൊലപ്പെടുത്തുകയായിരുന്നു. ബാനിയ എന്ന ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ കുട്ടിയാനയുടെ ജഡം മറവ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് 44 കാട്ടാനങ്ങൾ അടങ്ങുന്ന കൂട്ടം ദേവ്മാട്ടി എന്ന ഗ്രാമ പ്രദേശത്തേക്ക് ഇറങ്ങിയത്. കന്നുകാലികളെ മേയ്ക്കാനായി ഇറങ്ങിയ പിന്താവർ സിങ് എന്ന കർഷകനെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു എന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ പ്രേം ലത യാദവ് പറയുന്നു.

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൃഷിയിടത്തിൽ മറവ് ചെയ്ത കുട്ടിയാനയുടെ ജഡം കണ്ടെത്തി. മറവ് ചെയ്തശേഷം കുഴി നെൽച്ചെടികൾകൊണ്ട് മൂടിയ നിലയിലായിരുന്നു. കൃഷിയിടത്തിന്റെ ഉടമയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം കുട്ടിയാനയെ കൊന്ന സംഭവത്തിൽ പന്താവർ സിങ് ഉൾപ്പെട്ടിരുന്നോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല എന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നു.