കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വനംവകുപ്പ് ദൗത്യസംഘാംഗം മരിച്ചു

തൃശൂര്‍ പാലപ്പിള്ളി കള്ളായിയില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ വനംവാച്ചര്‍ മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഹുസൈന്‍ കല്‍പ്പൂര്‍ ആണ് മരിച്ചത്. കുങ്കിയാന ദൗത്യസംഘത്തിലെ അംഗമായിരുന്നു. 

സെപ്തംബര്‍ നാലിന് ഉച്ചയ്ക്കായിരുന്നു ഹുസൈനെ കാട്ടാന ആക്രമിച്ചത്. കാട്ടാനകളെ തുരത്താനുള്ള കുങ്കിയാന സംഘത്തിലായിരുന്നു ഹുസൈന്‍. കാട്ടാനയുള്ള ഭാഗത്തേയ്ക്കു നീങ്ങുമ്പോഴായിരുന്നു ആക്രമണം. ഒറ്റയാന്‍ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി. തൊട്ടടുത്ത് എത്തിയപ്പോഴാണ് ആനയെ കാണുന്നത്. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന അടിച്ചുവീഴ്ത്തി. 

വാരിയെല്ലു തകര്‍ന്ന് ശ്വാസകോശത്തില്‍ തുളഞ്ഞുക്കയറി. ശ്വാസകോശത്തിലുണ്ടായ അണുബാധയായിരുന്നു മരണകാരണം. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു ചികില്‍സ. ഇന്നു പുലര്‍ച്ചെ രണ്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി. രാവിലെ മരിച്ചു. വന്യജീവികളെ തുരത്താനുള്ള വനംവകുപ്പിന്റെ ദൗത്യസംഘത്തിലെ പ്രധാനിയായിരുന്നു മുപ്പത്തിരണ്ടുകാരനായ ഹുസൈന്‍. 

വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലായിരുന്നു സേവനം. മൃതദേഹം ജന്‍മനാടായ മുക്കത്തേയ്ക്കു കൊണ്ടുപോകും. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അനുഗമിക്കുന്നുണ്ട്. വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനാണെങ്കിലും മികച്ച സേവനം കാഴ്ചവച്ച് പേരെടുത്തയാളാണ് ഹുസൈന്‍. പാലപ്പിള്ളിയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ വയനാട്ടില്‍ നിന്നെത്തിയ ദൗത്യസംഘത്തില്‍ ഏറെ സജീവമായിരുന്നു. ഇതിനിടെയാണ്, ഒറ്റയാന്‍ ആക്രമിച്ചതും മരണത്തിനു കീഴടങ്ങിയതും.