പടക്കം പൊട്ടിച്ചു; തിയറ്റർ കത്തി; അതിരുവിട്ട് പ്രഭാസ് ആരാധകർ; വിഡിയോ

ആരാധകരുടെ അതിരുവിട്ട ആവേശം കാരണം ഒരു സിനിമാ തിയറ്ററിന് തീപ്പിടിച്ചിരിക്കുകയാണ്. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാഹ്ലാദത്തിൽ കത്തിനശിച്ചത്.  പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനിടെയാണ് സംഭവം.

താരത്തിന്റെ 43–ാം പിറന്നാളിനോടനുബന്ധിച്ചാണ് 2009–ൽ റിലീസിനെത്തിയ ബില്ല എന്ന ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചത്. നായകന്റെ മാസ് രം​ഗം വന്നപ്പോൾ ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. സീറ്റുകളിലേക്ക് പെട്ടെന്ന് തീപടർന്നു. സംഭവത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ചിലർ കാലുകൾ കൊണ്ട് തീ അണയ്ക്കുന്നതും മറ്റു ചിലർ അത് സ്മാർട്ഫോണിൽ പകർത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കുറച്ചുപേർ ജിവനുംകൊണ്ട് ഓടുന്നതും കാണാം. സീറ്റുകളിലെല്ലാം തീപടർന്നു പിടിക്കുന്നതും പിന്നിൽ വലിയ സ്ക്രീനിൽ സിനിമ ഓടുന്നതും കാണാം. സിനിമയ്ക്കെത്തിയ ഏതാനും ചിലരുടെ സഹായത്തോടെ തിയറ്റർ ജീവനക്കാർ തന്നെയാണ് തീയണച്ചത്. എന്നാൽ ആർക്കും പരുക്കില്ല. പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ അടക്കം നിരവധിപ്പേരാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.