'സിനിമയിലൂടെ ഇലക്ഷന്‍ പ്രചാരണം'; പവന്‍ കല്യാണിന് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ജന സേന നേതാവും നടനുമായ പവന്‍ കല്യാണിന് മുന്നറിയിപ്പുമായി ആന്ധ്രാ പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍. പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തില്‍ പാര്‍ട്ടി ചിഹ്നം ഉപയോഗിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മുകേഷ് കുമാര്‍ മീന രംഗത്തെത്തിയത്. പവന്‍ കല്യാണിന്‍റെ പുതിയ ചിത്രമായ ഉസ്​താദ് ഭഗത് സിങ്ങിന്‍റെ ടീസര്‍ മാര്‍ച്ച് 19നാണ് ഇറങ്ങിയത്. പവന്‍ കല്യാണിന്‍റെ പാര്‍ട്ടിയായ ജന സേനയുടെ ചിഹ്നമായ ചായ ഗ്ലാസിന്‍റെ രംഗങ്ങള്‍ ടീസറിലുണ്ടായിരുന്നു. ‌സിനിമ ഒരു പ്രചാരണ ഉപാധിയായി ഉപയോഗിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്നുള്ളത് നിര്‍ബന്ധമാണ്.

രാഷ്ട്രീയക്കാരായ ഒരു നടനും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രചരിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെയെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഉസ്താദ് ഭഗത് സിങ് എന്ന ചിത്രത്തിന്‍റെ ടീസറിൽ പവൻ കല്യാൺ തന്‍റെ പാർട്ടി ചിഹ്നമായ ചായ ഗ്ലാസ് ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഓഫീസർ പറഞ്ഞു. ടീസർ കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Andhra Pradesh Election Commissioner warns Pawan Kalyan