യുദ്ധമുറിവില്‍ നിന്ന് ബാസ്കറ്റ് ബോള്‍ കോര്‍ട്ട് വരെ; വെല്ലുവിളികളെ സ്വപ്നം കൊണ്ട് കീഴടക്കിയ ജീവിതകഥ

തീരെ ചെറുപ്രായത്തില്‍ത്തന്നെ ജീവിതം വീല്‍ചെയറിലായിപ്പോയ അഫ്ഗാന്‍ സ്വദേശി മുഹമ്മദ് സാബിര്‍ തന്റെ വിജയഗാഥ ലോകത്തിനായ് പങ്ക് വെക്കുകയാണ്. അഫ്ഗാന്റെ  ദേശീയ ബാസ്കറ്റ് ബോള്‍ ടീമിലെ ജനപ്രിയ താരമാണ് സാബിര്‍.

യുദ്ധമുറിവില്‍ നിന്ന് ബാസ്കറ്റ് ബോള്‍ കോര്‍ട്ട് വരെയെത്തിയ വെല്ലുവിളിയുടെ പേരാണ് മുഹമ്മദ് സാബിര്‍ സുല്‍ത്താനി. യുദ്ധം നിത്യസംഭവമായ നാട്ടില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് അമ്മാവനൊപ്പം പാകിസ്താനിലേക്ക് നാടുവിടുമ്പോള്‍ സുല്‍ത്താനിക്ക് ജീവിതക്കളം തിരിച്ചുപിടിക്കാനറിയില്ലായിരുന്നു. പക്ഷെ തോല്‍ക്കാന്‍ മനസില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കാബൂളില്‍ തിരിച്ചെത്തി അമ്മാവനൊപ്പം ഒരു കടതുടങ്ങി. കടയിലെ നിത്യസന്ദര്‍ശകനായ സുഹൃത്താണ് വീല്‍ചെയറിലിരുന്ന് ബാസ്കറ്റ് ബോള്‍ കളിക്കുന്നതിനെപ്പറ്റി പറയുന്നത്.അന്വേഷണം അവസാനിച്ചത് ഭിന്നശേഷിയുള്ളവരുടെ ദേശീയ ടീം ക്യാമ്പിലാണ്. തന്നെപ്പോലെ ഉയരെ പറക്കുന്ന സ്വപ്നപട്ടവുമായി  ചക്രകസേരയില്‍ ചിരിച്ചുകൊണ്ട് ജീവിതം തിരിക്കുന്നവരെ കണ്ടു സുല്‍ത്താനി. പിന്നവരൊരു ടീമായി. നിരന്തരമുള്ള പരിശീലനം സുല്‍ത്താനിയെ ടീമിന്റെ നെടുംതൂണാക്കി.

ടീമിലെ ഫാസ്റ്റ് പ്ളെയര്‍, വെറും അഞ്ച് സെക്കന്റില്‍ 28 മീറ്ററുള്ള കോര്‍ട്ടിനെ വലം വെക്കുന്ന സ്പ്രിന്റര്‍, ഒന്നാന്തരം പ്രതിരോധം, ഡ്പിബ്ളിങ്ങിലെ മുയല്‍ക്കുട്ടന്‍. പതിനൊന്ന് കൊല്ലം കൊണ്ട് നേടിയത് വാക്കുകൊണ്ട് അളക്കാനാവില്ല. കളിക്കിടെയും പ്രശ്നങ്ങളുണ്ടായി, വീല്‍ചെയറിലിരുന്നുള്ള വേഗം അത്രനിസ്സാരമല്ല. കൈകള്‍ പലവട്ടം ഒടിഞ്ഞ് ചികില്‍സ വേണ്ടിവന്നിട്ടുണ്ട്. കാബൂള്‍ ടീം ദേശീയ തലത്തില്‍ ഒന്നാമതായതില്‍ സുല്‍ത്താനിയുടെ പങ്ക് ചെറുതല്ല. കളിയില്ലാത്തപ്പോള്‍ സുല്‍ത്താനി ഒരു റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൃത്രിമക്കാലുകള്‍ നിര്‍മ്മിക്കുകയാണ്. ലോകമേ കേള്‍ക്കൂ, വെല്ലുവിളികളെ സ്വപ്നം കൊണ്ട് കീഴടക്കൂ. തളര്‍ച്ചയില്‍ വീണ് പോവാതിരിക്കൂ, കഠിനാധ്വാനം കൊണ്ട് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കൂ. പ്രചോദനത്തിന്റെ പൂര്‍ണചനന്ദ്രപ്രകാശമാവട്ടെ സുല്‍ത്താനിയുടെ കഥയിലെ പാഠമിതാണ്.