കൊത്താനാഞ്ഞ് കൂറ്റൻ രാജവെമ്പാല; വെറും കൈകൊണ്ട് പിടിച്ച് യുവാവ്; വിഡിയോ

നിബിഢവനമേഖലകളിൽ മാത്രം കണ്ടു വരുന്ന രാജവെമ്പാലകളെ ഇപ്പോൾ ജനവാസമേഖലകളിൽ കണ്ടു വരാൻ തുടങ്ങിയിട്ടുണ്ട്. ഭീതി പടർത്തുന്ന ഇവയുെട സാന്നിധ്യം നാട്ടുകാരുടേയും വളർത്തുമൃഗങ്ങളുടേയും ജീവനു ഭീഷണിയാണ്. പലപ്പോഴും വിദഗ്ധരായ പാമ്പു പിടുത്തക്കാരുടെ സഹായത്തോടെയാണ് രാജവെമ്പാലകളെ പിടികൂടാറ്.  തായ്‌ലൻഡിലെ ക്രാബി പ്രവിശ്യയിൽ എണ്ണപ്പന തോട്ടത്തിലേക്ക് ഇഴഞ്ഞെത്തിയ രാജവെമ്പാല നാട്ടുകാരെ ആശങ്കയുടെ മുൾ മുനയിൽ നിർത്തി. 

എണ്ണപ്പനകൾ നിറഞ്ഞ തോട്ടത്തിലേക്ക് ഇഴഞ്ഞുപോയ രാജവെമ്പാല സമീപത്തുള്ള വീടിന്റെ സെപ്റ്റിക്ടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ ഓ നാങ് സുരക്ഷാസംഘത്തിലെ അംഗമായ സൂറ്റീ നേവാദ് ആണ് സെപ്റ്റിക് ടാങ്കിൽ ഒളിക്കാൻ ശ്രമിച്ച രാജവെമ്പാലെ വലിച്ച് പുറത്തേക്കെടുത്തത്. 20 മിനിട്ടോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് സൂറ്റീ നേവാദിന് പാമ്പിനെ പൂർണമായും വലിച്ച് പുറത്തേക്കിടാനായത്.

4.5 മീറ്ററോളം നീളവും 10 കിലോയൊളം ഭാരവുമുണ്ടായിരുന്നു കൂറ്റൻ പാമ്പിന്. യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ വെറും കൈകൊണ്ടാണ് സൂറ്റീ നേവാദ് പാമ്പിനെ പുറത്തെത്തിച്ചത്. റോഡിലേക്കെത്തിച്ച പാമ്പ് കഴുത്തിൽ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പലതവണ നേവാദിനെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ പാമ്പിന്റെ ശ്രദ്ധ തിരിച്ച് അതിന്റെ കഴുത്തിൽ പിടിത്തമിട്ടു പാമ്പിനെ വലിയബാഗിനുള്ളിലേക്ക് കയറ്റി.  

കൃത്യമായ പരിശീലനം കൊണ്ട് മാത്രമാണ് തനിക്ക് പാമ്പിനെ അനായാസേന പിടികൂടാൻ സാധിച്ചതെന്ന് സൂറ്റീ നേവാദ് വിശദീകരിച്ചു. പരിശീലനം കൂടാതെ പാമ്പിനെ കൈകാര്യം ചെയ്താൽ അപകടം സംഭവിക്കുമെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പ്രദേശവാസികൾ അടിച്ചുകൊന്ന ഇണയെ തേടിയാകാം ഈ പാമ്പെത്തിയതെന്നും സൂറ്റീ നേവാദ് വ്യക്തമാക്കി.