രാജവെമ്പാലയ്ക്കൊപ്പം ഒരുമാസം കാര്‍ യാത്ര; നടുക്കം മാറാതെ സുജിത്ത്‌

കോട്ടയം ആര്‍പ്പൂക്കരക്കാരന്‍ സുജിത്ത് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലിലും ആശ്വാസത്തിലുമാണ്. ഒരുമാസം മുന്‍പ് നിലമ്പൂരില്‍ ജോലിക്ക് പോയപ്പോള്‍ കാറില്‍ കയറിക്കൂടിയ രാജവെമ്പാലയെ കണ്ടെത്തി പിടികൂടാന്‍ കഴിഞ്ഞതിന്റെ ആശ്വാസം. ഈ ഒരുമാസം കുടുംബത്തോടൊപ്പവും അല്ലാതെയും കാറില്‍ സഞ്ചരിച്ചപ്പോഴെല്ലാം കൊടുംവിഷമുള്ള പാമ്പ് ഒപ്പമുണ്ടായിരുന്നുവെന്ന ഞെട്ടല്‍ ഇനിയും മാറുന്നില്ല.

ഒരുമാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും ലിഫ്റ്റിന്റെ ജോലിക്ക് നിലമ്പൂരില്‍ പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരികെപ്പോരാന്‍ ഒരുങ്ങുന്നതിനിടെ കാറിനടുത്ത് പാമ്പിനെ കണ്ടിരുന്നു. കാറിനുള്ളില്‍ പാമ്പ് കയറിയില്ല എന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാണ് സുജിത്തും സംഘവും മടങ്ങിയത്. നാട്ടിലെത്തിയശേഷം ഇതേ കാറില്‍ കുടുംബത്തോടൊപ്പവും അല്ലാതെയും പലയിടത്തും സുജിത്ത് യാത്ര ചെയ്തു. ഒരാഴ്ച മുന്‍പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പ് പൊഴിച്ചിട്ട പടം കണ്ടത്. ന‌ടുങ്ങിപ്പോയ സുജിത്ത് രാജവെമ്പാല കാറില്‍ ഉണ്ടെന്നുറപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് വാവ സുരേഷിനെ വിളിച്ചുവരുത്തി. വാവ സുരേഷ് എത്തി പരിശോധിച്ചപ്പോള്‍ സമീപത്ത് പാമ്പിന്റെ കാഷ്ഠം കണ്ടെത്തി. അതിന് ഒരുമണിക്കൂറിലധികം പഴക്കമുണ്ടായിരുന്നില്ല. ഇതോടെ സുജിത്തും അയല്‍വാസികളും ആശങ്കയിലായി. ഏറെനേരം പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വാവ സുരേഷ് മടങ്ങി. 

ഏതുവീട്ടിലാണ് പാമ്പ് കയറിക്കൂടിയതെന്നറിയാതെ സുജിത്തും പരിസരവാസികളും വലഞ്ഞു. ഒടുവില്‍ അടുത്ത വീട്ടില്‍ ചകിരിയും കരിയിലയും മറ്റും കൂടിക്കിടന്ന സ്ഥലത്ത് പാമ്പിന്റെ വാല്‍ കണ്ടു. ഉടന്‍ ഈ സ്ഥലം വലയിട്ട് മൂടി. തൊട്ടുപിന്നാലെ വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാരന്‍ അബീഷ് എത്തി പാമ്പിനെ പിടികൂടി. ഇതോടെയാണ് ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്ക് അവസാനമായത്. എന്നാല്‍ സ്വന്തം കാറില്‍ പാമ്പുണ്ടെന്നറിയാതെ യാത്ര ചെയ്തതിന്റെ അങ്കലാപ്പ് സുജിത്തിനെയും കുടുംബത്തെയും വിട്ടുമാറിയിട്ടില്ല. പാമ്പിനെ വനംവകുപ്പ് കൊണ്ടുപോയെങ്കിലും പറമ്പിലെ ചെറിയ ഇലയനക്കം പോലും ഇപ്പോഴും ഞെട്ടലാണ്.