വിറക് കൂനയിൽ രാജവെമ്പാല; നാട്ടുകാർ വിവരം അറിയിച്ചു: ഓടിയെത്തി വാവാ സുരേഷ്

തണ്ണിത്തോട്: ജനവാസ മേഖലയിൽ രാജവെമ്പാല ഇറങ്ങുന്നത് തുടർക്കഥയാകുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം സെൻട്രൽ ജംക്‌ഷനിൽ പെട്രോൾ പമ്പിന് സമീപത്തെ വീടിന് പിന്നിലെ വിറക് കൂനയിൽ ഒളിച്ച രാജവെമ്പാലയെ വാവാ സുരേഷ് എത്തി പിടികൂടി. ഉച്ചയോടെ വീട്ടിലേക്കുള്ള വഴിയിൽ കണ്ട രാജവെമ്പാല വിറക് കൂനയിൽ ഒളിക്കുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് എത്തിയ വാവാ സുരേഷ് വിറക് ഇളക്കി നീക്കി വൈകാതെ രാജവെമ്പാലയെ പിടികൂടി. കക്കി വനത്തിൽ തുറന്നുവിട്ടു. വനപാലകരും തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ സ്നേക് റസ്ക്യൂവർ എൻ.ജി പ്രസാദും ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ രാജവെമ്പാലയെ ആണ് പ്രദേശത്ത് നിന്ന് പിടികൂടുന്നത്.

ദിവസങ്ങൾക്ക് മുൻപ് സെൻട്രൽ ജംക്‌ഷനിൽ വീടിന്റെ സംരക്ഷണഭിത്തിയിൽ ഒളിച്ച രാജവെമ്പാലയെ പിടികൂടിയിരുന്നു. അതിന് തൊട്ടടുത്ത വീട്ടിലെ വിറക് കൂനയിലാണ് ഇന്നലെ രാജവെമ്പാല ഒളിച്ചിരുന്നത്. ദിവസങ്ങളായി മേക്കണ്ണം നിവാസികളുടെ ഉറക്കം കെടുത്തിയ രാജവെമ്പാലയെ കഴിഞ്ഞ ദിവസം മേക്കണ്ണത്തിൽ വീടിന് സമീപത്തെ തോട്ടിൽ നിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ 2 ദിവസങ്ങളിലും വനപാലകരുടെ നേതൃത്വത്തിൽ സ്നേക് റസ്ക്യൂവർ എൻ.ജി പ്രസാദും നാട്ടുകാരും ചേർന്നാണ് രാജവെമ്പാലയെ പിടിച്ചത്.