സ്‌കൂട്ടർ യാത്രക്കാരനുനേരേ പാഞ്ഞടുത്ത് രാജവെമ്പാല; നാട്ടുകാർ ഭീതിയിൽ

കഴിഞ്ഞ മാസം കുളമാവ് നവോദയ സ്കൂളിനു സമീപത്തുനിന്നു കണ്ട രാജവെമ്പാല (ഫയൽ ചിത്രം)

കുളമാവ്: കുളമാവ് നവോദയ സ്‌കൂൾ, നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക്കൽ ലബോറട്ടറി (എൻപിഒഎൽ) പ്രദേശത്താണ് 2 മാസമായി രാജവെമ്പാലയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുളമാവ് ഡാമിനു സമീപത്തുവച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മുത്തിയുരുണ്ടയാർ സ്വദേശി അനുഷൽ ആന്റണിയുടെ നേരെ രാജവെമ്പാല പാഞ്ഞടുത്തു.

നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അനുഷൽ രക്ഷപ്പെട്ടത്. ജില്ലയിൽ പിടികൂടുന്ന രാജവെമ്പാലകളെ കുളമാവ് വനത്തിലാണ് തുറന്നുവിടുന്നത്. പലപ്പോഴും ഉൾക്കാടുകളിൽ പാമ്പിനെ തുറന്നുവിടാത്തതാണ് പാമ്പിന്റെ സാന്നിധ്യം ജനവാസമേഖലയിൽ കാണുന്നത്. കഴിഞ്ഞ മാർച്ചിൽ ഇതേ പ്രദേശത്ത് ഒരു രാജവെമ്പാലയെ ദിവസങ്ങളോളം കണ്ടിരുന്നു.

തുടർന്ന് വാവാ സുരേഷ് എത്തിയാണ് വെമ്പാലയെ പിടികൂടിയത്. ഇതിനെയും കുളമാവ് വനത്തിലാണ് തുറന്നുവിട്ടത്. കുളമാവ് പ്രദേശത്ത് പാമ്പുകളെ ഉൾവനത്തിൽ തുറന്നുവിടുന്നതായി ഉറപ്പാക്കാൻ വനപാലകർ തയാറാകണമെന്നാണ് കുളമാവ് നിവാസികളുടെ ആവശ്യം.