'തെളിഞ്ഞ തംബുരുനാദം പോലെ'; ഹരീഷിന്റെ ആലാപനത്തിൽ മനംനിറഞ്ഞ് ആസ്വാദകർ

നവരാത്രി സംഗീതോല്‍സവത്തിന്റെ ഭാഗമായി മനോരമ മ്യൂസിക് സംഗീതാസ്വാദകര്‍ക്കായി ഒരുക്കുന്ന കച്ചേരിയുടെ എട്ടാം ദിനം ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീത സന്ധ്യയായിരുന്നു. ഒന്‍പത് ശ്രവണസുന്ദര കൃതികള്‍ ആസ്വാദകരെ ആനന്ദത്തിലാറാടിച്ചു. പേരുപോലെ തന്നെ കേള്‍ക്കുന്ന ജനത്തെ രഞ്ചിപ്പിക്കുന്ന ജനരഞ്ജിനി രാഗം... മുത്തയ്യ ഭാഗവതരുെട ഗണപതേ സുഗുണാനിധേ എന്ന് സ്തുതിയോടെ ഹരീഷ് തുടങ്ങി. വരാനിരിക്കുന്ന വിന്യാസസമ്പന്നതയുടെ തുടക്കമായിരുന്നു അത്. തുടര്‍ന്ന് മുത്തുസ്വാമി ദീക്ഷിതര്‍ സുരുട്ടി രാഗത്തില്‍ ചിട്ടപ്പെടുത്തിയ അംഗാരകം, അംബുജം കൃഷ്ണ രഞ്ജിനിരാഗത്തില്‍ ഒരുക്കിയ കാതിരുവേണു നാനു എന്നിവ തുടക്കത്തിലേ ആസ്വാദകനെ കച്ചേരിയില്‍ ലയിപ്പിച്ചു. 

കല്യാണി, ഭൈരവി വര്‍ണങ്ങളുടെ ഗമകങ്ങള്‍ നല്ല രീതിയില്‍ ആലപിക്കാന്‍ ശീലിച്ചാല്‍ സൂര്യനു താഴേയുള്ള ഏത് കൃതിയും അനായാസം ആലപിക്കാമെന്ന് ശിഷ്യരെ പഠിപ്പിച്ച സംഗീതശിരോമണിയാണ് തഞ്ചാവൂര്‍ ശങ്കരയ്യര്‍. അദ്ദേഹത്തിന്റെ പ്രിദ്ധകൃതി നതജനപാലിനീ ആലപിച്ചാണ് ഹരീഷ് ആസ്വാദകരെ പാട്ടിന്റെ പഞ്ചാമൃതൂട്ടിയത്. 20ാം മേളകര്‍ത്ത രാഗമായ നാട്ടഭൈരവിയില്‍ പാപനാശം ശിവന്‍ ചിട്ടപ്പെടുത്തിയ ശ്രീവള്ളീ ദേവസേനാപതേ, ത്യാഗരാജസ്വാമികളുടെ എന്ത നേര്‍ച്ചിന എന്നിവ പ്രധാന കീര്‍ത്തമായി പാടി. പിന്നെ മനസില്‍ ആസ്വാദനത്തിന്റെ കന്നിനിലാവ് പെയ്യിച്ച് തനിയാവര്‍ത്തനം. 

സിന്ധുഭൈരവിയും രാഗമാലികയും പാടി മംഗളം ചൊല്ലുമ്പോള്‍ ലോകമെമ്പാടുമിരുന്ന് സംഗീതപ്രേമികള്‍ മനം നിറഞ്ഞാസ്വദിച്ചു. പാടുന്നതെന്തുമാവട്ടെ ശാസ്ത്രീയമോ, ഹിന്ദുസ്ഥാനിയോ, നാട്ടന്‍പാട്ടോ ആവട്ടെ ഹരീഷിന്റെ ആലാപനം കറകളഞ്ഞ സ്ഫടികപാത്രത്തില്‍ ദൈവം ഭിക്ഷ തരുംപോലെയാണ്. തെളിഞ്ഞ തംബുരുനാദം പോലെ. എട്ടാം ദിവസത്തെ രണ്ടാമത്തെ കച്ചേരി സംഗീതം  പത്മനാഭന്റേതായിരുന്നു. ഹംസധ്വനിയും ഹിന്ദോളവും,നവരസകന്നഡയും ഇഴചേര്‍ന്ന സംഗീതമഴയില്‍ ആസ്വാദകര്‍ സര്‍വ്വം മറന്നു.