ഗൃഹനാഥനും ഗൃഹനാഥയും മരിച്ച് വീട് അനാഥം; ഓർമകളുടെ വീടിന് കാവലായ് ബ്രൂണോ

കോട്ടയം: മേത്തൊട്ടിയിൽ വീട്ടിൽ ബ്രൂണോ കാവൽ തുടരുകയാണ്. ഗൃഹനാഥനും ഗൃഹനാഥയും മരിച്ച് വീട് അനാഥമാണ് ഇപ്പോൾ. തന്നെ ഏറ്റെടുക്കാൻ വന്നവരെ പറമ്പിൽ കയറ്റാതെ ബ്രൂണോ പായിച്ചു. കാണക്കാരി മേത്തൊട്ടിയിൽ എം.ജെ. ജോസിന്റെ വീട്ടിലെ നായയാണ് ബ്രൂണോ. ജോസും ഭാര്യ ജെസിയും ആഴ്ചകൾക്കു മുൻപ് കോവിഡ് ബാധിച്ചു മരിച്ചു. ഇരുവർക്കും മക്കളില്ല. വീട്ടിൽ മറ്റാരുമില്ല. 

വീട്ടിലെത്തിയ അയൽക്കാരെയും ബ്രൂണോ കുരച്ച് ഓടിച്ചു. കൂട്ടിൽ കയറിട്ട് ബന്ധിച്ചിരുന്ന ബ്രൂണോ മേൽക്കൂര പൊളിച്ച് പുറത്തിറങ്ങി. അയൽവാസി മുണ്ടുവാങ്ങേൽ പ്രദീപ് കുമാറും പരിസരവാസികളും ജോസിന്റെ ബന്ധുക്കളുമാണ് രണ്ടാഴ്ചയായി  ബ്രൂണോയ്ക്കു ഭക്ഷണം നൽകുന്നത്. നായയെ ഏറ്റെടുക്കാൻ ആർക്കെങ്കിലും താൽപര്യമുണ്ടോയെന്ന് ആരാഞ്ഞ് അയൽവാസി കരിമ്പനക്കുന്നേൽ മാത്യു ഡേവിഡ് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. 

ഇതുകണ്ട് മെഡിക്കൽ കോളജ് പിആർഒ പേരേപ്പറമ്പിൽ പി.എ. തോമസ് ഇന്നലെ നായയെ ഏറ്റെടുത്ത് വളർത്തുന്നതിന് എത്തിയെങ്കിലും കുരച്ച് ബഹളംവച്ചതോടെ ഏറ്റെടുക്കാനായില്ല. ജോസും ജെസിയും മക്കളെപ്പോലെയാണ് ബ്രൂണോയെ വളർത്തിയതെന്ന് സഹോദരൻ എം.ജെ. ജോൺ പറഞ്ഞു. എം.ജെ. ജോസ് മുൻ ‘മിസ്റ്റർ ഏറ്റുമാനൂർ’ ആയി തിരഞ്ഞെടുക്കപ്പെട്ടയാളാണ്. ഓഗസ്റ്റ് ഒന്നിനാണ് ജോസ് മരിച്ചത്. ഓഗസ്റ്റ് 23നാണ് ജെസിയും.