ജാൻവിയെ മിന്നുകെട്ടി ആക്സിഡ്; വളർത്തുനായകൾക്ക് കല്യാണം

കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ വളർത്തുനായയുടെ കല്യാണം നടത്തി. തൃശൂർ പുന്നയൂർക്കുളത്തായിരുന്നു വേറിട്ട ഈ കല്യാണ ചടങ്ങ്.  പുന്നയൂർക്കുളത്തെ കുന്നത്തൂർമന െഹറിറ്റേജിൽ പൂമാലകെട്ടി അലങ്കരിച്ച കതിർമണ്ഡപത്തിലായിരുന്നു നായയുടെ മിന്നുകെട്ട്. ബീഗിൾ ഇനത്തിൽപ്പെട്ട വരന്റെ പേര് ആക്സിഡ്.ഒന്നര വയസുകാരി ജാൻവിയാണ് വധു. വാടാനപ്പിള്ളി ഷെല്ലി, നഷി ദമ്പതികളുടെ വളർത്തു നായയാണ് ആക്സിഡ്. രണ്ട് ആൺമക്കളാണ് ഇവർക്ക്. ആകാശും അർജുനും. വളർത്തുനായ ആക്സിഡിനെ മൂന്നാമത്തെ മകനായാണ് കണ്ടിരുന്നത്. ആക്സിഡിന് കൂട്ടു വേണമെന്ന് ദമ്പതികൾ കരുതി. രണ്ടാൺ മക്കളും ഇതിനു പിന്തുണ നൽകി. അങ്ങനെയാണ്, കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചത്. 

വധുവിനെ കണ്ടുപിടിച്ചത് പുന്നയൂർക്കുളത്തു നിന്നായിരുന്നു. നായകൾ വിവാഹത്തിന് ഉത്തമമായ കന്നി മാസം തിരഞ്ഞെടുത്തു. ശുഭമുഹൂർത്തവും കുറിച്ചു കിട്ടി. രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയായിരുന്നു വിവാഹം. സാധാരണ ഒരു വിവാഹ ചടങ്ങ് എങ്ങനെയാണോ ആ കെട്ടിലും മട്ടിലും തന്നെയായിരുന്നു. ആഘോഷത്തിന്റെ മാറ്റ് കൂട്ടാൻ ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏൽപിച്ചു. സേവ് ദി ഡേറ്റ് ഷൂട്ടും നടത്തി. മിന്നുകെട്ടലിനു ശേഷം കേക്ക് മുറിക്കലും വിവാഹ സദ്യയും ഒരുക്കിയിരുന്നു. എല്ലാത്തിനും സംഘാടകരായി മൂത്ത സഹോദരങ്ങളായ ആകാശും അർജുനും സജീവമായിരുന്നു.

വിവാഹ വിരുന്നിന് സാക്ഷ്യം വഹിക്കാൻ സുഹൃത്തുക്കളുടെ വളർത്തുനായകളേയും കൊണ്ടുവന്നിരുന്നു. ഭക്ഷണത്തിനു ശേഷം ഇരുവരും വരന്റെ വീടായ വാടാനപ്പിള്ളിയിലേക്ക് പോയി.