ആ കവറുമായി വീട്ടിലേക്ക് നടക്കാൻ ഇനി ചോട്ടു ഇല്ല; വിളിച്ചാലും വരാത്ത ദൂരത്തേക്ക് യാത്രയായി

ഓയൂർ: വീട്ടുകാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് പാഴായി, വിളിച്ചാലും വരാതെ ചോട്ടു യാത്രയായി. 6 ദിവസമായി കാണാതായ, യുട്യൂബിലെ താരമായ ചോട്ടു എന്ന നായയെ വീടിനു സമീപത്തെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. വെളിനല്ലൂർ ആറ്റൂർകോണം മുകൾവിള വീട്ടിൽ ദിലീപ്കുമാറിന്റെ വളർത്തു നായയായിരുന്നു ചോട്ടു. കഴിഞ്ഞ ഞായർ പുലർച്ചെയാണ് ചോട്ടുവിനെ കാണാതായത്. ഇന്നലെ 12ന് വീടിന്റെ സമീപത്തെ റബർ പുരയിടത്തിലെ ഉപയോഗിക്കാത്ത 20 അടി താഴ്ചയുള്ള കിണറ്റിൽ ചോട്ടുവിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ദിലീപ് കുമാറിന്റെ സന്തത സഹചാരിയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ഇഷ്ടതോഴനുമായ ചോട്ടുവിന്റെ വിയോഗം നാട്ടുകാർക്കും വീട്ടുകാർക്കും തീരാദുഃഖമായി. ചോട്ടുവിനെ  കാണാനില്ലെന്ന വിവരം പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിഞ്ഞു നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന്  ചോട്ടുവിന്റെ വിവരങ്ങൾ അന്വേഷിച്ചു ഒട്ടേറെപ്പേർ ദിലീപിന്റെ വീട്ടിൽ എത്തിക്കൊണ്ടിരുന്നു. പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ റൂറലിലെ  ഡാേഗ് സ്ക്വാഡിലെ  അംഗമായ പൈറോയുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂറാേളം ചോട്ടുവിനായി കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തി.

ചോട്ടു ഉപയാേഗിച്ച കളിപ്പാട്ടങ്ങൾ മണത്ത പൊലീസ് നായ ആറ്റൂർക്കാേണം മമ്പുഴ ആറിന്റെ കരയിൽ എത്തി നിൽക്കുകയായിരുന്നു. തുടർന്ന് കണ്ടെത്താനാവാതെ മടങ്ങി. ഇതിനിടെ ദിലീപ് ചാേട്ടൂസ് ബ്ലോഗിലൂടെ ചോട്ടുവിനെ കണ്ടെത്തുന്നവർക്ക് പാരിതാേഷികം പ്രഖ്യാപിച്ചു. മനഃപൂർവമോ  അല്ലാതെയോ ചോേട്ടുവിനെ കൊണ്ടു പാേയവർക്കെതിരെ പൊെലീസ് കേസെടുക്കില്ലെന്നും അറിയിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഇന്നലെ ഉച്ചയ്ക്ക് 12ന്  ദിലീപിന്റെ വീടിന്റെ പരിസരത്ത് നിന്ന് 250 മീറ്റർ അകലെയുള്ള വീട്ടിലെ ചുറ്റുമതിലില്ലാത്ത ഉപയാേഗിക്കാത്ത കിണറ്റിൽ ചോട്ടുവിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

പൂച്ചയെയോ തെരുവ് നായ്ക്കളെയോ മറ്റോ ഓടിക്കുന്നതിനിടയിൽ കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം. കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു ചോട്ടു. അറിവും ബുദ്ധിശക്തിയും അസാധാരണ കഴിവും ചോട്ടുവിനെ മറ്റ് നായകളിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നു. ചോട്ടു വീട്ടിൽ ചെയ്യാത്ത ജോലികൾ ഇല്ല. രാവിലെ ദിലീപ് എഴുന്നേൽക്കാൻ താമസിച്ചാൽ ചോട്ടു കോളിങ് ബെൽ മുഴങ്ങി ഉണർത്തും, പത്രം വഴിയിൽ നിന്ന് എടുത്തു കൊണ്ടു വന്നു വായിക്കാൻ കണ്ണടയും എടുത്തു നൽകും. ബൈക്കിന്റെ താക്കോൽ എടുത്തു നൽകും.

പറമ്പിൽ കൃഷിക്കായി സഹായത്തിന് ഒപ്പം കൂടും. കടയിൽ ദിലീപ് സാധനങ്ങൾ വാങ്ങി മടങ്ങുമ്പാേൾ ചോട്ടു ആ കവറും പിടിച്ച് വീട്ടിലേക്ക് നടക്കും. അങ്ങനെ മുകൾവിള വീട്ടിലെ ദിനചര്യകൾ നിശ്ചയിക്കുന്നത് ചോട്ടു ആയിരുന്നു. അവന്റെ വിയോഗം കുടുംബത്തിനും നാട്ടുകാർക്കും തീരാവേദനയായി. പൂയപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി വെറ്ററിനറി സർജൻ ഡോ.അപ്സരയുടെ നേതൃത്വത്തിൽ  പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം മറവു ചെയ്തു