തൃശൂർ ടു കശ്മീർ; സോഷ്യൽമീഡിയ ചർച്ച ചെയ്ത ചിത്രത്തിന്റെ വിശേഷങ്ങൾ

അരനൂറ്റാണ്ട് മുമ്പ് സ്വന്തം വണ്ടിയില്‍ അന്‍പതു ദിവസം കൊണ്ട് രാജ്യം ചുറ്റിയ ഓര്‍മകളിലാണ് തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി സണ്ണി മഞ്ഞില. അന്ന്, യാത്ര പോയ ആറു പേരില്‍ രണ്ടു പേര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ. വിഡിയോ റിപ്പോർട്ട് കാണാം. 

അരനൂറ്റാണ്ട് മുമ്പ് തൃശൂരില്‍ നിന്ന് കശ്മീരിലേക്ക് വണ്ടിയോടിച്ച് പോയ സംഘം പകര്‍ത്തിയ ചിത്രങ്ങളാണിത്. യാത്ര പോകാന്‍ ഇരുപതിനായിരം രൂപ അന്ന് മുടക്കി വാന്‍ വാങ്ങി. സീറ്റുകള്‍ എടുത്തു മാറ്റി ദീര്‍ഘദൂര യാത്രയ്ക്കുള്ള കെട്ടിലും മട്ടിലുമാക്കി വാഹനം. ഇന്ന്, യൂ ട്യൂബര്‍മാര്‍ യാത്ര പോകുന്നതെല്ലാം നവമാധ്യമങ്ങളില്‍ ആഘോഷമാണ്. ഫെയ്സ്ബുക്കും യു ട്യൂബും ഇല്ലാത്ത അക്കാലത്ത് പോയ ആ യാത്ര ഹിറ്റായത് ഇപ്പോഴാണെന്ന് മാത്രം. പഴയ യാത്രയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് പഴയ തലമുറയുടെ സാഹസം ജനമറിഞ്ഞത്. അന്‍പത് ദിവസം വീട്ടില്‍ നിന്ന് മാറി നിന്ന ആറുപേരും വിശേഷങ്ങളറിയാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് ദിവസവും രാത്രി വിളിക്കുകയായിരുന്നു പതിവ്. അരമനസോടെയാണെങ്കിലും വീട്ടുകാര്‍ സമ്മതം മൂളിയപ്പോഴാണ് ആറു പേരും യാത്ര പുറപ്പെട്ടത്. 

രാജ്യം ചുറ്റിയ ഓര്‍മകള്‍ എഴുപത്തിനാലാം വയസിലും ഭദ്രമായുണ്ട്. ഇന്നത്തെ പോലെ വീഡിയോ കാമറ ദൃശ്യങ്ങള്‍ അന്ന് പകര്‍ത്തുക എളുപ്പമല്ലായിരുന്നു. യാത്ര പോകുന്ന തലമുറയ്ക്കു മുമ്പില്‍ കാണിക്കാന്‍ ഇഷ്ടംപോലെ നിശ്ചല ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് മാത്രം.