അഞ്ച് കുട്ടികളുടെ അമ്മ; ഒറ്റക്ക് ഡ്രൈവിങ്; 60 ദിവസത്തെ ഇന്ത്യ പര്യടനം; 'ഓള്' പറയുന്നു

യാത്ര ഒരു സ്വപ്നമാണെങ്കിലും അത് യാഥാർഥ്യത്തിലേക്ക് എത്തുവാൻ ഒരുപാട് കടമ്പകൾ ഉണ്ടാവും, പ്രത്യേകിച്ച് സ്ത്രീകൾക്ക്. എന്നാൽ മുന്നിൽ വന്ന വെല്ലുവിളികളെയൊക്കെ മറി കടന്ന് ഓൾ ഇന്ത്യ ട്രിപ്പ് എന്ന് സ്വപ്നം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കണ്ണൂരിലെ രണ്ട് വീട്ടമ്മമാർ. രണ്ട് മാസം കൊണ്ട് 17 സംസ്ഥാനങ്ങളും 3 രാജ്യാന്തര അതിർത്തികളും കണ്ട് മടങ്ങി എത്തിയ 'ഓള്' സംഘം മനോരമ ന്യൂസ് ഡോട് കോമുമായി യാത്രാ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

ഒമാനിൽ താമസമാക്കിയ നാജിറ നൗഷാദാണ് ഓൾ ഇന്ത്യ ട്രിപ്പ് എന്ന ആശയവുമായി മുന്നോട്ട് വന്നത്, യാത്രക്കുള്ള എല്ലാ ഒരുക്കളുമെടുത്ത് സ്വന്തം നാടായ കണ്ണൂരിലെത്തി. അഞ്ച് കുട്ടികളുടെ അമ്മയാണ് നാജിറ. പത്തൊൻപതാമത്തെ വയസ്സില്‍ വിവാഹിതയാകുകയും അതേ പ്രായത്തിൽ തന്നെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തതോടെ തുടർപഠനം ഉപേക്ഷിച്ചു. പക്ഷേ യാത്രയോടുള്ള പ്രണയം മനസ്സിൽ നിറഞ്ഞ് നി്ന്നു. ഒറ്റയ്ക്ക് ഒരു ട്രിപ്പിനേക്കാളും യാത്ര ഇഷ്ടപ്പെടുന്നവർ ഒപ്പമുണ്ടായാൽ കൂടുതൽ രസകരമാകും എന്ന് ചിന്തിച്ചതോടെയാണ് ഇതിനായി സുഹൃത്തുക്കളെ തേടിയത്. അങ്ങനെ സമാന ചിന്തയുള്ള സാജിത ജാബി ഒപ്പം കൂടി.

ഒരു ഇന്നോവയിൽ 60 ദിവസം നീണ്ട യാത്ര നിറയെ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് അറിയാമെങ്കിലും കാഴ്ചകളുടെ മനോഹരലോകം അവരെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് വലിച്ചില്ല. 13000 കിലോമീറ്റർ പിന്നിട്ട യാത്രയിൽ നാജിറ ഒറ്റക്കായിരുന്നു വണ്ടി ഓടിച്ചത്. ഇവർക്കൊപ്പം രണ്ട് പേര്‍ കൂടി ആരംഭത്തിലുണ്ടായിരുന്നുവെങ്കിലും ഇരുപത്തി മൂന്നാം ദിവസം പിന്മാറി. അപ്പോഴും നാജിറയും സാജിതയും പകച്ചില്ല. യാത്ര തുടർന്നു. വാടകയ്ക്ക് എടുത്ത് ഇന്നോവയിൽ 'ഓൾ' എന്ന പേരും ഓൾ ഇന്ത്യ ട്രിപ്പെന്നും എഴുതിയത് വലിയ ഉപകാരമായെന്ന് സാജിത പറയുന്നു.'.യാത്രയിലുടനീളം നിരവധിപേർ ഞങ്ങളോട് സംസാരിക്കാൻ എത്തി. വീട്ടിലേക്ക് വിളിച്ച് ഭക്ഷണം തന്നു. കശ്മീരിലെ ആർമി ഉദ്യോഗസ്ഥർ വരെ ഒരുപാട് സഹായിച്ചു. ഒരിക്കലും ആരിൽ നിന്നും ദുരനുഭവങ്ങളൊന്നും ഉണ്ടായില്ല. യാത്ര പുറപ്പെട്ടപ്പോഴുണ്ടായ പേടിയൊക്കെ മാറി വല്ലാത്തൊരു ഊർജം നിറഞ്ഞു.'

യുപിയ്ക്ക് കേരളത്തോട് ദേഷ്യ മുള്ളത് പോലെ..

'ഇത്രയും സംസ്ഥാനങ്ങൾ പിന്നിട്ടപ്പോഴും യുപിയിൽ മാത്രമാണ് ചെറിയ ദുരനുഭവം ഉണ്ടായത്. പലയിടത്തും കേരള വണ്ടിയെന്ന് കണ്ട് ഞങ്ങൾ പാർക്കിംങ് സ്പേസ് പോലും തന്നില്ല. വാഹനം മാറ്റിയിടണമെന്ന് പറഞ്ഞു. യുപിയിലെ ആളുകൾക്ക് നമ്മളോടൊക്കെ എന്തോ ദേഷ്യമുള്ളത് പോലെയാണ് അനുഭവപ്പെട്ടത്.' നാജിറ പറയുന്നു.

യാത്രയിൽ കൊറോണ വില്ലനായത്..

കെഎൽ രജിസ്ട്രേഷൻ വണ്ടി കണുമ്പോൾ പലരും നിങ്ങൾ കേരളത്തില്‍ നിന്നല്ലേയെന്ന് തിരിച്ചറിഞ്ഞു. ഒപ്പം കൊറാണ ഏറ്റവും കൂടുതലുള്ള സ്ഥലത്തു നിന്നല്ലേ എന്ന് ഭീതിയോടെ നോക്കിയതായും ഇവർ ഒർക്കുന്നു. രാജ്യം മുഴുവൻ സഞ്ചരിച്ചെങ്കിലും പഞ്ചാബിലും ബംഗളൂരുവിലും മാത്രമാണ് ശരിയായി മാസ്ക്ക് ധരിച്ചവരെ കണ്ടതെന്നതും അതിശയത്തോടെ പറയുന്നു. 

പേടിപ്പെടുത്തിയ രാത്രി..

തിരികെ എത്തും വഴി ചെന്നൈയിലെ ടോളിന് സമീപം കാറിന്റെ ബ്രേക്ക് തകരാറിലായി. അതും രാത്രി 12 മണിക്ക്. ഇതോടെ ആരാത്രി വണ്ടിക്ക് ഉള്ളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു ഇരുവർക്കും. അതൊരു അപ്രതീക്ഷിത വെല്ലുവിളിയായിരുന്നുവെന്ന് ഇവർ പറയുന്നു. രാജസ്ഥാനിലെ അമീർ പോട്ടിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിൽ വണ്ടിയുടെ നിയന്ത്രണം നഷ്ടമായതും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു.

വെല്ലുവിളികൾ നേരിട്ടത് പ്ളാൻ ചെയ്ത്..

സ്ത്രീകൾ ഒറ്റക്കുള്ള യാത്രകളിലെ വലിയ വെല്ലുകൾ തങ്ങൾ നേരിട്ടതിനെ കുറിച്ചും ഇവർ പറയുന്നു. പോകുന്ന സ്ഥലങ്ങളെ കുറിച്ച് ശരിയായ പഠനം നടത്തിയതായിരുന്നു ആദ്യ വിജയം.  ' താമസത്തിനായി അതാത് സ്ഥലങ്ങളിൽ എത്തി നേരിട്ട് ബുക്ക് ചെയ്യുകയായിരുന്നു. ചില അവസരങ്ങളിൽ ആപ്പുകളെ ആശ്രയിച്ചു. അതൊക്കെ വളരെ സുരക്ഷിതമായിരുന്നു. ടോയിലറ്റ് സൗകര്യം ഇന്ന് ഒരു പ്രശ്നമുളള കാര്യമേ അല്ല. പമ്പുകളിലും റസ്റ്റോറന്റുകളിലുമെല്ലാം വളരെ വൃത്തിയുള്ള സൗകര്യമുണ്ട്. ഇത്ര ദൂരം പോകുമ്പോൾ വണ്ടിയോടിക്കുക എന്ന കടമ്പ നാജിറ ഭംഗിയായി നിർവ്വഹിച്ചതോടെ അതും വിജയിച്ചു.'സാജിത പറയുന്നു. ശരിയായ പ്ളാനിങ് യാത്രയിലെ വെല്ലുവിളികളൊക്കെ മറികടക്കാൻ സഹായിച്ചു.

കുടൂംബത്തിന്റെ പിന്തുണ..

വീട്ടിൽ നിന്നും കുട്ടികളിൽ നിന്നുമൊക്കെ ഇത്രയും ദിവസം മാറി നിൽക്കാൻ സാധിച്ചുവോ എന്ന ചോദ്യത്തിന് ഇവർക്ക് ഒരു മറുപടിയെ ഉള്ളു. വീട്ടുകാരാണ് ഏറ്റവും വലിയ പിന്തുണ. ഒരുപാട് നാളത്തെ സ്വപ്നം എല്ലാവരുടേയും പിന്തുണയോടെ വിജയിച്ചതിന്റെ സന്തോഷത്തിലാണ് 'ഓള്' സംഘം.

അടുത്ത യാത്ര..

'കണ്ടതൊന്നും മതിയാവുന്നില്ല.. വീണ്ടും വീണ്ടും യാത്ര ചെയ്യാൻ കൊതിപ്പിക്കുകയാണ് ഓരോ സ്ഥലങ്ങളും.. ലോകം ചുറ്റാൻ ഇനിയും പോകണം.. ഉറപ്പായും പോകും.' ഓൾ ഇന്ത്യ ട്രിപ്പിന്റെ മുഴുവൻ ആവേശവും നാജിറയുടേയും കൂട്ടുകാരിയുടേയും വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്നു. അടുത്തതായി ഭൂട്ടാൻ– നേപ്പാൾ യാത്രക്കുള്ള പ്ലാനാണെന്നും ഇവർ പറയുന്നു.