നൊടിയിടയിൽ കാർ മണ്ണിനടിയിൽ അപ്രത്യക്ഷമായി; കാരണം ഇതാണ്; വിഡിയോ

നിർത്തിയിട്ട കാർ മലിന ജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മഹാരാഷ്ട്രയിലെ ഗാട്കൊപറിലാണ് കാർ പാർക്ക് ചെയ്തിരുന്നിടത്ത് താഴ്ന്ന് പോയത്. മലിന ജല സംഭരണിക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകരുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. 

നിമിഷനേരം കൊണ്ടാണ് കാർ അപ്രത്യക്ഷമായത്. നൂറ് വർഷത്തിലേറെ പഴക്കമുള്ള കിണർ നികത്തിയാണ് പാർക്കിങ് ഏരിയ നിർമിച്ചത് എന്നും കനത്ത മഴയെ തുടർന്ന് അവിടം ഇടിഞ്ഞു താഴ്ന്നതാണ് അപകട കാരണം എന്നുമാണ് പുറത്തു വരുന്ന വിവരം. മണ്ണിട്ടു നികത്തിയ സ്ഥലങ്ങളിൽ വീടോ കെട്ടിടങ്ങളോ നിർമിക്കുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് ഓർമിപ്പിക്കുകയാണ് ഈ സംഭവം.

സ്ഥലം വാങ്ങി വീടുവയ്ക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ സ്ഥലത്തിന്റെ 'ഭൂതകാലം' വ്യക്തമായിരിക്കില്ല. കെട്ടിടം പണിയുന്നതിനു മുൻപായി മണ്ണ് പരിശോധന അഥവാ സോയ്ൽ ടെസ്റ്റ് നടത്തുകയാണ് ഏറ്റവും അത്യാവശ്യം. മണ്ണിൻ്റെ ഘടന, ഉറപ്പ് എന്നിവയെല്ലാം ഇതിലൂടെ വ്യക്തമാകും. നികത്തിയ നിലം ആണെങ്കിൽ അതും മനസ്സിലാകും. ഈ റിപ്പാർട്ടിന്റെ അടിസ്ഥാനത്തിൽ വേണം ഏത് തരത്തിലുള്ള ഫൗണ്ടേഷൻ വേണം എന്നു നിശ്ചയിക്കാൻ.  

എങ്ങനെയുള്ള പൈലിങ് ആണ് വേണ്ടത് എന്ന് തീരുമാനിക്കുന്നതും മണ്ണ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ വേണം. മണ്ണിന്റെ 'എൻ വാല്യു' ആധാരമാക്കിയാണ് ഇക്കാര്യങ്ങൾ നിശ്ചയിക്കുന്നത്. മണ്ണ് പരിശോധന നടത്തുന്ന നിരവധി എജൻസികൾ നമ്മുടെ നാട്ടിലുണ്ട്. 7,500 രൂപ മുതൽ 15,000 രൂപ വരെയാണ് ഇതിനുള്ള ചെലവ്.വീട് വയ്ക്കുന്നതിനു മുൻപ് കിണറോ കുളമോ നികത്തേണ്ടതുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മണ്ണ് മാത്രം ഉപയോഗിച്ച് കുഴി നികത്തരുത് എന്നതാണ് മുഖ്യം. മണ്ണിനൊപ്പം കരിങ്കൽക്കഷണങ്ങളും ചേർക്കണം. അല്ലെങ്കിൽ, മഴക്കാലത്ത് ഉറവ ശക്തമാകുമ്പോൾ മണ്ണൊലിച്ചുപോകുകയും അവിടം ഇടിഞ്ഞുതാഴുകയും ചെയ്യും. ഇതിനു സമാന സാഹചര്യമാണ് മുംബൈയിലുണ്ടായത്

വിവരങ്ങൾക്കു കടപ്പാട്: കെ.ആർ.വിനോദ്

സ്ട്രക്ചറൽ എൻജിനീയർ, കടവന്ത്ര, കൊച്ചി