സത്യപ്രതിജ്ഞ ചടങ്ങ്: തീരുമാനം ഞെട്ടിക്കുന്നു; അംഗീകരിക്കാനാകില്ല: പാർവതി

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുകയാണ്. മാതൃകയാകേണ്ടവർ തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതിരെയാണ് വിമർശനം. സമകാലീന സംഭവങ്ങളിൽ നിരന്തരം ഇടപെടലുകൾ നടത്തുന്ന നടി പാർവതി തിരുവോത്തും തന്റെ അഭിപ്രായം തുറന്നു പറയുകയാണ്. 

'കോവിഡ് പ്രതിരോധത്തിനായും മുന്‍നിര കോവിഡ് പ്രവര്‍ത്തകര്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത് എല്ലാവരെയും ഞെട്ടിക്കുന്നത്. അതുകൊണ്ടാണ് ഇത് അംഗീകരിക്കാന്‍ കഴിയാത്തതും. 

സത്യപ്രതിജ്ഞക്കായി 500പേര്‍ എന്നത് അത്ര കൂടുതലല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കോവിഡ് കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുവരികയാണ്. നമ്മള്‍ കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ല താനും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ തെറ്റായ നടപടിയാണിത്. പ്രത്യേകിച്ചും മറ്റൊരു മാതൃകയ്ക്ക് അവസരമുള്ളപ്പോള്‍. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോള്‍ വേണ്ടത്. ഞാന്‍ ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്, ആള്‍ക്കൂട്ടം ഒഴിവാക്കി വെറച്വലായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന്.' പാർവതി പറഞ്ഞു.