‘നിങ്ങൾ ഇവിടെയുള്ളപ്പോൾ എനിക്ക് മരിക്കാൻ പേടിയില്ല’: തളർത്തിയ മരണവാർത്ത: കുറിപ്പ്

മനസു നോവിച്ച മരണവാർത്തയെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ഹൃദയാഘാതം മൂലം മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി സഫീറയുടെ വിയോഗത്തെ കുറിച്ചാണ് അഷ്റഫിന്റെ വേദനിപ്പിക്കുന്ന കുറിപ്പ്. യുഎഇയിൽ സ്ത്രീകളുടെ കോവിഡ് സെന്ററിൽവളരേ ആത്മാർത്ഥമായി ഓടിനടന്ന് സേവനം ചെയ്ത വ്യക്തിത്വമായിരുന്നു സഫീറയെന്നും അഷ്റഫ് ഓർക്കുന്നു

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ചില മരണങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കും, തളർത്തിക്കളയും. എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങിനെ സ്വാധീനിക്കുന്ന ചിലരുണ്ടാകും. അത്തരത്തിലുള്ള ഒരു വ്യക്തിത്വമായിരുന്നു ഇന്ന് നമ്മോട്‌ വിടപറഞ്ഞ സഹോദരി കോഴിക്കോട് സ്വദേശിനി സഫീറ മുനീർ. വീട്ടിൽവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. എന്റെ കുടുംബത്തോട് ഏറെ അടുപ്പമുള്ള സഹോദരിയാണ്. സ്ത്രീകളുടെ കോവിഡ് സെന്ററിൽ വളരേ ആത്മാർത്ഥമായി ഓടിനടന്ന് സേവനം ചെയ്ത വ്യക്തിത്വം.

കഴിഞ്ഞ ആഴ്ച്ച ഒരു സുഹൃത്ത് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദുബൈ എംബാമിംഗ് സെന്ററിൽ വെച്ചാണ് അവസാനമായി സഫീറയെ കാണുന്നത്. കൊറോണ മൂലം മരിച്ച വ്യക്തിയുടെ ഭാര്യക്ക് സഹായിയായി എത്തിയതായിരുന്നു ഇവർ അവിടെ. കൊറോണായാണ് സൂക്ഷിക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ, നിങ്ങൾ ഇവിടെയുള്ളപ്പോൾ എനിക്ക് മരിക്കാൻ പേടിയില്ല. എന്ന് തമാശയായി പറഞ്ഞത് താങ്ങാനാകാത്ത സങ്കടത്തോടെ ഇപ്പോഴും കാതിൽ മുഴങ്ങുന്നു. സഹോദരിക്ക് ദൈവം സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു