കല്ല്യാണ പുടവയിലെ കാരുണ്യം; കരുതലിനായി വസ്ത്രങ്ങള്‍ നല്‍കാം

ഒരുതവണ ഉപയോഗിച്ച വിവാഹ വസ്ത്രങ്ങള്‍ നിര്‍ധനരായ വിവാഹപ്രായമെത്തിയവര്‍ക്ക് വിതരണം ചെയ്ത് കാസര്‍കോട്, കാഞ്ഞങ്ങാട്ടെ ഒരു കൂട്ടായ്മ. ഗ്രീന്‍സ്റ്റാര്‍ എന്ന ക്ലബ് പ്രവര്‍ത്തകരാണ് കല്യാണപ്പുടവയുമായി പാവപ്പെട്ട യുവതീ യുവാക്കളിലേക്ക് എത്തുന്നത്.

കാഞ്ഞങ്ങാട് അതിഞ്ഞാലിലെ ഗ്രീന്‍സ്റ്റാര്‍ ഓഫിസിലെ കാഴ്ചയാണിത്. വസ്ത്രക്കടയിലേതുപോലെ തന്നെ അടുക്കി വച്ചിരിക്കുന്ന വിവാഹ വസ്ത്രങ്ങള്‍. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി വിവാഹ വസ്ത്രങ്ങള്‍ വാങ്ങി ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നവരില്‍നിന്നാണ് ഇവര്‍ വസ്ത്രങ്ങള്‍ ശേഖരിക്കുന്നത്. ഇതിനകം തൊണ്ണൂറിലേറെ വിവാഹ വസ്ത്രങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു. അത് ഇരുപതിലേറേ പേര്‍ക്ക് വിതരണം ചെയ്തു. ഡ്രൈ ക്ലീനിങ് ചെയ്ത് പാക്ക് ചെയ്ത് പുതുപുത്തനാക്കിയാണ് ആവശ്യക്കാര്‍ക്ക് സൗജന്യമായി കൊടുക്കുന്നത്. വിവാഹത്തിനണിഞ്ഞ വസ്ത്രങ്ങള്‍ ജീവിതാവസാനം വരെ സൂക്ഷിക്കാന്‍ അലമാരയില്‍ വയ്ക്കുന്നവരില്‍പലരും ഇപ്പോള്‍ മാറി ചിന്തിക്കുകയാണെന്ന് ക്ലബ് ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നു 

ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങള്‍ ഇവരുടെ കൈവശമമുണ്ട്. കൊടുത്തു തീര്‍ക്കുന്നതിനാല്‍ വസ്ത്രങ്ങളും ഇവര്‍ക്ക് ആവശ്യമുണ്ട്. ഒപ്പം കൈവശമുള്ള വസ്ത്രങ്ങള്‍ക്ക് യോജിച്ച ആവശ്യക്കാരെയും. ആവശ്യക്കാര്‍ വന്നാല്‍ നോക്കി ഇഷ്ടമുള്ളത് ഇവിടെനിന്ന് തിരഞ്ഞെടുക്കാം. അര്‍ഹതയുള്ളവരാണോ എന്ന് മാത്രം ഒരു അന്വേഷണം ഉണ്ടാകും. പ്രവര്‍ത്തിയിലെ നന്മയും വ്യാപ്തിയും തിരിച്ചറിഞ്ഞ് ഒരു കട തന്നെ തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഗ്രീന്‍സ്റ്റാര്‍ ക്ലബ് പ്രവര്‍ത്തകര്‍.