ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരൻ; ബേപ്പൂർ സുൽത്താന് പിറന്നാൾ

വൈക്കം മുഹമ്മ‍ദ് ബഷീറിന്റെ പിറന്നാളാണ് ഇന്ന്.  അതിരുകളില്ലാത്ത സ്നേഹം തൂലികയില്‍ ഒഴുക്കിയ എഴുത്തുകാരന്റെ ഓര്‍മകളിലാണ്  മലയാളം.

എന്റെ എഴുത്തുകള്‍ വായിച്ച് ഏറ്റവും കൂടുതല്‍ ചിരിച്ചത് ഞാനായിരിക്കും. ഏറ്റവും കൂടുതല്‍ കരഞ്ഞതും ഞാനായിരിക്കും.കാരണം അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു.അനുഭവം മഷികൂട്ടിയ ആ എഴുത്തിനെ അടയാളപ്പെടുത്താതെ പൂര്‍ണമാവില്ല  മലയാള സാഹിത്യവും...സാധാരണക്കാരന്റെ ഭാഷയില്‍ ബഷീര്‍ സാധാരണക്കാരന്റെ കഥ പറഞ്ഞപ്പോള്‍ അത് കാലാതിവര്‍ത്തിയായി. കാലങ്ങള്‍ പിന്നിടുമ്പോഴും സാഹിത്യസ്നേഹികളുടെ മനസില്‍ മാത്രമല്ല ഓരോ മലയാളിയുടെയും ഇടനെഞ്ചില്‍ ചാരുകസേരയിട്ട്  ഉറങ്ങുകയാണ് സുല്‍ത്താന്‍....

പാത്തുമ്മയുടെ ആടും വിശ്വവിഖ്യാതമായ മൂക്കും  ജന്മദിനവും പ്രേമലേഖനവുമൊക്കെ അലങ്കരിച്ച മലയാളംപുസ്തകങ്ങളില്ലാത്ത വിദ്യാലയ ഓര്‍മകള്‍ മലയാളിക്കുമില്ല.എഴുത്തുകാരന്‍ എന്നതിനൊപ്പം തന്നെ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിലും നിറ സാന്നിധ്യമായും ഓര്‍മ്മകളില്‍ നിറയുകയാണ് ബേപ്പൂരിന്റെ സുല്‍ത്താന്‍.ബഷീറിന്റെ മതിലുകള്‍ അടൂരിന്റെ തിരക്കഥയില്‍ വെള്ളിത്തിരയിലെത്തിയപ്പോള്‍ അത് മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രാനുഭവമായി..

പത്മശ്രീ നല്‍കി രാജ്യം ആദരിച്ചതിനൊപ്പം തന്നെ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനെന്ന ഖ്യാതിയുമുണ്ട് ജനകീയനായ ഈ എഴുത്തുകാരന്. അത്കൊണ്ട് തന്നെ വായനയുടെ വസന്തം ആസ്വാദകനില്‍ പാകിയ സാഹിത്യകാരനെ ഓര്‍ക്കാതെ കടന്ന് പോവില്ല അദ്ദേഹത്തിന്റെ ഒരു ജന്മദിനവും...