കോവിഡിൽ ജോലി പോയി; എയർപോർട്ടിന്റെ തീമിൽ കഫേ തുടങ്ങി പൈലറ്റ്

കോവിഡ് ലോകത്തെ ആകെ പിടിച്ചുലച്ചതോടെ ലക്ഷക്കണക്കിന് പേരാണ് തൊഴിൽരഹിതരായത്. വിചാരിച്ചിരിക്കാതെ ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടമായത് മാനസികമായി ഉൾക്കൊള്ളാൻ പോലും പലർക്കും കഴിഞ്ഞില്ല.

കോവിഡ് പിടിമുറുക്കുന്നത് വരെ ഖത്തർ എയർവെയ്സിൽ പൈലറ്റായിരുന്നു അയർലണ്ടുകാരൻ അലക്സാണ്ടർ ടോറസ്. കോവിഡിൽ ജോലി പോയതോടെ വിമാനത്താവളത്തിന്റെ തീമിൽ സ്വന്തമായി ഒരു കഫേ തുടങ്ങിയാണ് പ്രതിസന്ധിയെ അലക്സാണ്ടർ മറികടന്നത്. 

ഭക്ഷണപ്രിയനായിരുന്നു അലക്സാണ്ടർ. ആദ്യം ഓൺലൈനായി അലക്സാണ്ടർ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാൻ തുടങ്ങി. ഇത് അത്ര മാനസിക സംതൃപ്തി നൽകുന്നതായി തോന്നിയില്ല. പിന്നെ ഒട്ടും വൈകാതെ വിമാനത്താവളത്തിന്റെ മാതൃകയിൽ കഫേയുണ്ടാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് താൻ കഴിച്ചിട്ടുള്ള ഭക്ഷണങ്ങളിൽ മികച്ചവ ബെൽഫാസ്റ്റിലെ കഫേയിൽ അലക്സാണ്ടർ ഉണ്ടാക്കി നൽകാൻ തുടങ്ങി. കഫേ– 7 മെല്ലെ പച്ചപിടിക്കാൻ തുടങ്ങി. പലതരം സാൻവിച്ചുകളും ടോസ്റ്റുകളും പേസ്ട്രികളും എല്ലാം ഫ്ലൈറ്റ് 7 നിലെ  രുചി വൈവിധ്യത്തിൽ ഇടംപിടിച്ചു.

ഫ്ലൈറ്റ് –7 ക്ലിക്കായെങ്കിലും കോവിഡ് ഒഴിയുന്ന കാലത്ത് പൈലറ്റ് ജോലിയിലേക്ക് മടങ്ങണം എന്നാണ് അലക്സാണ്ടറിന്റെ ആഗ്രഹം.