അവർ ഭാര്യയും ഭര്‍ത്താവും; ട്രോളുകൾ പ്രശ്നമല്ല; ‘വൈശാലി’ച്ചിത്രത്തിന് പിന്നില്‍

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് 'വൈശാലി' മാതൃകയില്‍ ഫോട്ടോഷൂട്ടാണ്. ഭരതൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമായ വൈശാലിയെ അനുസ്മരിപ്പിക്കുന്നതാണ് ഫോട്ടോകൾ. മിഥുൻ ശാർക്കരയാണ് ആശയത്തിനും ഫോട്ടോയ്ക്കും പിന്നിൽ. പ്രധാനകഥാപാത്രങ്ങളായ ഋഷ്യശൃംഗനെയും വൈശാലിയെയുമാണ് ഫോട്ടോഷൂട്ടിൽ പുനരവതരിപ്പിക്കുന്നത്. വൈശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ചിത്രങ്ങളിൽ. പക്ഷേ ഫോട്ടോ തരംഗമായതോടെ നിരവധി ട്രോളുകളും ഇടം പിടിക്കുന്നുണ്ട്. പ്രശസ്തിക്ക് വേണ്ടിയോ വൈറൽ ആകാനോ അല്ല താൻ ഈ ഫോട്ടോഷൂട്ട് നടത്തിയതെന്ന് പറയുകയാണ് ഫോട്ടോഗ്രാഫർ മിഥുൻ. പലരും പറയുന്നത് പോലെ അത് സേവ് ദ ഡേറ്റ് അല്ലെന്നും മിഥുൻ മനോരമ ന്യൂസ് ഡോട് കോമിനോട് പറയുന്നു.

മിഥുന്റെ വാക്കുകൾ: വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്ത് വന്ന ആശയമാണ്. ഇതിന് മുമ്പും ഇങ്ങനെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.  വൈശാലി എന്നത് ഭരതൻ സാർ ചെയ്ത ്ക്ലാസിക് സിനിമ ആണ്. അതിനെ പുനരവതരിപ്പിക്കുക എന്ന് പറയുന്നത് വെല്ലുവിളിയാണെന്ന് തന്നെ അറിയാം. പക്ഷേ എന്റെ ആഗ്രഹം ഞാൻ സാധിച്ചു, വൈറൽ ആകാൻ വേണ്ടി ചെയ്തതല്ല. എനിക്ക് ഒരു ആത്മസംതൃപ്തിക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടാണ്. ഇങ്ങനൊരു ആശയം പുറത്ത് വന്നപ്പോൾ ഞാൻ എന്റെ സുഹൃത്ത് അഭിജിത്തിനോട് പറഞ്ഞു. അഭിജിത്ത് തന്നെ മോഡലാകാമെന്ന് പറഞ്ഞതാണ്. അങ്ങനെയാണ് അഭിജിത്തും ഭാര്യ മായയും വൈശാലിയും ഋഷ്യശൃംഗനുമായത്. അവർ മോഡലിങ് ചെയ്ത് പരിചയമുള്ളവരുമാണ്.

ഈ ഫോട്ടോഷൂട്ടിന് പിന്നാലെ നിരവധി ട്രോളുകളാണ് വരുന്നത്. ട്രോളുകൾ ഒരു പരിധി വരെ ശ്രദ്ധിക്കാറില്ല. എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഇത് ഒരു 'സേവ് ദ ഡേറ്റ്' ഫോട്ടോഷൂട്ടല്ല എന്നാണ്. ഒരു ആശയം പുനരാവിഷ്ക്കരിച്ചു എന്നുമാത്രം. അവർ ഒന്നര വർഷം മുമ്പ് വിവാഹിതരായ ദമ്പതികളാണ്. അതുകൊണ്ട് തന്നെയാണ് അവർ അതിന് സമ്മതിച്ചതും.  എന്റെ ഒരു ആഗ്രഹത്തിന് അവർ കൂട്ടു നിന്നു എന്ന് മാത്രം. ഫോട്ടോയ്ക്ക് വരുന്ന കമന്റുകളെ ഞങ്ങളെല്ലാവരും പോസ്റ്റീവായി തന്നെയാണ് നേരിടുന്നത്. രാഷ്ട്രീയത്തെയോ, മതത്തെയോ ഒന്നും വ്രണപ്പെടുത്തുക എന്നൊരു ഉദ്ദേശം എനിക്കില്ല. ഇനി ഇതിന് പിന്നാലെ അത്തരം കമന്റുകൾ വരുമോ എന്ന് മാത്രമേ ആശങ്കയുള്ളൂ. മിഥുൻ പറയുന്നു.

മിഥുൻ നീലത്താമര എന്ന സിനിമയിലെ ദൃശ്യങ്ങൾ പുനരവതരിപ്പിച്ചും ഫോട്ടോഷൂട്ട് നടത്തിയിരുന്നു. തൃശൂരിൽ സ്വന്തമായി സ്റ്റുഡിയോ നടത്തുന്ന മിഥുൻ പ്രൊഫഷനൽ ഫോട്ടോഗ്രാഫറാണ്.