22 രാജ്യം; 28,000 എൻട്രികൾ; ഇടുക്കിക്കാരന്‍റെ 'ആപ്തി' രണ്ടാമത്: നേട്ടം

ഒരു വർഷം മുൻപ് സ്ത്രീകൾക്ക് വേണ്ടി തയാറാക്കിയ ഹ്രസ്വചിത്രം. യുട്യൂബിൽ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങൾ കടന്ന് കാഴ്ചക്കാർ, സ്ത്രീകളുടെ ഹൃദയം തൊട്ട ചിത്രം. ഇന്ന് ആ ഹ്രസ്വചിത്രത്തെ തേടി എത്തിയിരിക്കുന്നത് ചെറുതല്ലാത്ത നേട്ടം. ഇറങ്ങി ഒരു വർഷത്തിനിപ്പുറം വീണ്ടും കയ്യടി വാങ്ങുകയാണ് റോഷനും 'ആപ്തി'യും. 

ഗോബ്ലൽ ബൈറ്റ്ഡാൻസ് ഫോട്ടോഗ്രാഫി  മത്സരത്തിൽ 22 രാജ്യങ്ങളി‍ലെ 28,000 എൻട്രികളെ പിന്നിലാക്കിയാണ് റോഷന്‍റെ ആപ്തി വിഡിയോ കാറ്റഗറിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഒരു ഇരുപത്തിനാലുകാരന്‍റെ വിജയത്തിളക്കം. 

സ്ത്രീശാക്തീകരണമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. ഒരു പെണ്ണായതുകൊണ്ട് മാത്രം പലതും നേടാൻ കഴിയാതെ പോയവരുണ്ട്. അവളുടെ ആഗ്രഹങ്ങൾക്കൊത്ത് അവളെ പറക്കാൻ അനുവദിക്കാത്ത സമൂഹം. സ്വന്തം ഇഷ്ടങ്ങളെ ചുറ്റുമുള്ളവർക്ക് വേണ്ടി മൂടി വെച്ച ഒരമ്മ ആ ഇഷ്ടങ്ങളെ മകളിലൂടെ നേടി കാണിക്കുകയാണിവിടെ. രണ്ട് തലമുറകളിലൂടെയാണ് ആപ്തി കടന്നുപോകുന്നത്. റോഷൻ ജേക്കബ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കിയത് സാമൂഹിക പ്രതിബദ്ധതയുള്ള ആശയവും അവതരണവുമാണ്. 

ആപ്തി എന്ന പതിനഞ്ച് മിനിറ്റ് മാത്രമുള്ള ഷോട്ട് ഫിലിം കണ്ടിട്ട് ഒരാളുടെയെങ്കിലും ചിന്താഗതിയിൽ ചെറിയൊരു മാറ്റം വരുത്താൻ സാധിച്ചെങ്കിൽ അത് സമൂഹത്തിൽ വലിയ മാറ്റമാകും ഉണ്ടാവുക എന്ന് റോഷൻ പറയുന്നു. 

നിഖിൽ ബാബു, അഭിഷേക് കൃഷ്ണ എബി ഡാനിയേൽ എന്നിവരാണ് ഛായാഗ്രാഹകർ, അന്ന എലിസബത്തും സംവിധായകനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. എബി ഡാനിയേൽ വർഗീസാണ് എഡിറ്റർ. സംഗീതം ജെറിൻ ജോംസൺ. കലാസംവിധാനം ഫെബി ഡാനിയേൽ. ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് അമലു എം.ബാബു, ഐബിൻ ബൈന്നി ജോർജ് റിയ മറിയം റോയ്എ ന്നിവരാണ്. സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്ന റോഷൻ ഇപ്പോൾ പുതിയ ഹ്രസ്വചിത്രങ്ങളുടെ പണിപ്പുരയിലാണ്.