വീടുവിട്ടിറങ്ങാത്ത കൊച്ചുറാണി

ഹേന ചന്ദ്രന്‍ സംവിധാനം ചെയ്ത 'കൊച്ചുറാണി' എന്ന ഹ്രസ്വചിത്രത്തെ പറ്റി ഒരു കുറിപ്പ്..

കുടുംബം എന്ന വ്യവസ്ഥാപിത രൂപം നിലവിൽ വന്നത് എന്നു മുതലാണ്  എന്നറിയില്ല. അത് എന്നായിരുന്നാലും ഇന്നത്തെ ഒട്ടുമിക്ക കേരളീയ  (ഇന്ത്യൻ) കുടുംബങ്ങളും സ്വയം നിർണയിച്ച  അധികാര ക്രമത്തെ പിന്തുടരുന്നവയാണ്. അവിടെ എല്ലാ അവകാശങ്ങളും അധികാരങ്ങളും ഊണുമേശയിലെ താക്കോൽ സ്ഥാനത്ത് കസേര വലിച്ചിട്ടിരിക്കുന്ന ഷമ്മിമാർക്കാണ് , അതിപ്പോൾ പൊരിച്ച മീനിന്റ വാൽക്കഷ്ണമായാലും വഴക്കിടുന്ന മക്കളെ ശിക്ഷിക്കുന്ന കാര്യമായാലും (നല്ല തല്ലു പോലും കിട്ടാതെ ഉറങ്ങുന്ന മക്കളെക്കുറിച്ച് കടമ്മനിട്ടയും സങ്കടപ്പെട്ടിട്ടുണ്ട്). അതിൽ അറിയാതെയൊന്നും കൈകടത്താതിരിക്കാൻ പെണ്ണുങ്ങൾ ശ്രദ്ധിച്ചിട്ടുമുണ്ട്. അധികാരത്തിന്റെ ഈ ഘടനയാണ് എല്ലാ വ്യവസ്ഥകളേയും നിലനിർത്തിപ്പോരുന്നത് എന്നിരിക്കെത്തന്നേയും അതിനെ ചോദ്യം ചെയ്യുന്നവർ എല്ലാ കാലത്തും ഉണ്ടായിട്ടുമുണ്ട്. സാഹിത്യത്തിൽ  കുമാരനാശാനും സരസ്വതിയമ്മയും മാധവിക്കുട്ടിയും അഷിതയുമെല്ലാം നമ്മുടെ കൺമുന്നിലുണ്ട്.

സിനിമകളിലും  കുടുംബമെന്ന പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയ്ക്കുള്ളിൽ ജനാധിപത്യം ( വിജയേട്ടന്റെ വോട്ടിനിടുന്ന ജനാധിപത്യമല്ല - തിങ്കളാഴ്ച നിശ്ചയം ) വേണമെന്ന വിചാരം ആരംഭിച്ചിട്ട് ഏറെയായി. എങ്കിലും  ഭർത്താവിന്റെ പാത്ര ബാക്കി കിട്ടാത്തതിൽ സങ്കടപ്പെടുന്ന പെണ്ണുങ്ങളുടെ വംശം പരിണമിച്ച് കലിപ്പന്റെ കാന്താരികളാകുന്നതും നമ്മൾ കണ്ടുവരുന്നു. എന്നാൽ മുഖത്തടിയേൽക്കുമ്പോഴാണ് ഈ സിസ്റ്റത്തിന്റെ അധികാര ശ്രേണിയിൽ തങ്ങളുടെ സ്ഥാനം എവിടെയാണെന്ന് അമൃതമാർ തിരിച്ചറിയുന്നത് ( ധപ്പട് ) .  ഭർത്താവ് - കുടുംബനാഥൻ   എന്ന ആണധികാരം താൻ എന്ന വ്യക്തിയെ അംഗീകരിക്കുന്നില്ല എന്നതു മാത്രമല്ല അത് തന്റെ  ആത്മാഭിമാനത്തെ കൂടുതൽ ചവുട്ടിത്താഴ്ത്തുകയുമാണെന്ന് തിരിച്ചറിഞ്ഞ് കുടുംബമെന്ന വ്യവസ്ഥിതിയിലെ മുഴുവൻ അഴുക്കു വെള്ളവും നമ്മുടെ ആണഹന്തയുടെ മുഖത്തൊഴിച്ച് ഒരുവൾ അടുക്കളയിൽ നിന്നിറങ്ങി നടന്നിട്ട് ഏറെ ആയിട്ടില്ല. ഇപ്പോഴിതാ  ഇതേ പ്രശ്നങ്ങളെ  അഭിസംബോധന ചെയ്യുന്ന പതിനാലു മിനിറ്റ് തികച്ചും ഇല്ലാത്ത കൊച്ചുറാണി എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്ത്  ദിവസങ്ങൾക്കകം 3 ലക്ഷം കാഴ്ചക്കാരെ നേടിയിരിക്കുന്നു. ആണധികാരത്തെ പിടിച്ചു കുലുക്കുന്ന കൊച്ചുറാണിയെന്നാണ് ഒരു പോർട്ടൽ ഈ ഹൃസ്വ ചിത്രത്തെ വിശേഷിപ്പിച്ചത്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ നായികയുടെ മറുഭാഗമാണ് കൊച്ചുറാണി . കുടുംബത്തിനകത്തു തന്നെയാണ് അവസാനം വരേയും ഇനിയങ്ങോട്ടും കൊച്ചുറാണി ഉണ്ടാവുക. കരഞ്ഞും ഉപധികളില്ലാതെ സ്നേഹിച്ചുമല്ല അവൾ മാറ്റങ്ങൾ വരുത്തുന്നത്.  സാധനങ്ങൾ വലിച്ചെറിയുകയും ഭാര്യയെ പുറത്താക്കി വാതിലടക്കുകയും ചെയ്യുന്ന ആണിനെ അവൾ അതേ നാണയത്തിലാണ് നേരിടുന്നത് , പക്ഷെ നിശ്ശബ്ദമായി. ആ പോരാട്ടത്തിൽ അവസാനം അമ്മച്ചിയും അവളോടൊപ്പം ചേരുന്നുണ്ട്. അതു തന്നെയാണ് അവളുടെ വിജയവും.

കൊച്ചുറാണിയെന്ന പേര് രണ്ട് കാര്യങ്ങളെ ഓർമ്മിപ്പിക്കുന്നു. ഒന്നാമത്തേത് ഒരു വീട്ടിലെ രാജകുമാരിയായി വളർന്ന പെൺകുട്ടിയെ ആണ്. തങ്ങളുടെ പെൺമക്കൾ സ്വന്തം വീട്ടിലെ രാജകുമാരിമാരും ഭർത്താവിന്റെ വീട്ടിലെ റാണിമാരും ആകണമെന്ന ആഗ്രഹം ആ പേരിലുണ്ട്. സാമ്പത്തികമായി നല്ല സ്ഥിതിയാണ് കൊച്ചുറാണിയുടെ വീട്ടിലെന്ന സൂചനകളുണ്ടെങ്കിലും പെൺമക്കൾ അന്യന്റെ വീട്ടിലേക്കുള്ളതാണെന്ന വിശ്വാസമാണവളുടെ വീട്ടുകാർക്കും. മഹത്തായ ഭാരതീയ അടുക്കള വിട്ടിറങ്ങിയവൾക്ക് സ്വന്തം വീടിന്റെ വാതിൽ തുറന്ന് കിടന്നിരുന്നെങ്കിൽ കൊച്ചുറാണിക്ക് തലതാഴ്ത്തി മടങ്ങി വരേണ്ടി  വന്നു എന്നിടത്താണ് രണ്ടുപേരുടേയും പോരാട്ടം രണ്ട് വഴിയിലൂടെയാണ് എന്ന് തിരിച്ചറിയുന്നത്. 

റാണിയെന്ന വാക്ക് ഓർമ്മിപ്പിച്ച മറ്റൊന്ന് ചെസ് കളിയാണ്. ചെസ്സിൽ ഏറ്റവും അധികം സഞ്ചാര സ്വാതന്ത്ര്യമുള്ള കരുവാണ് റാണി. പക്ഷെ യഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ റാണിയ്ക്കതില്ല. പക്ഷെ കളിച്ച് കളിച്ച് കളത്തിന്റെ മറ്റേ അറ്റത്തെത്തുമ്പോൾ കാലാൾ പോലും റാണിയായി മാറുന്ന രൂപമാറ്റം അമ്മച്ചിയിൽ കാണാം. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ദേഷ്യം കൂടുകയേ ഉള്ളൂ എന്നും അവർക്കുള്ള താറാമുട്ടയുണ്ടെങ്കിൽ പിന്നെ പ്രശ്നമില്ല എന്നും പറയുന്ന അമ്മച്ചിയാണ് പെണ്ണായി നിന്നാൽ നീയൊന്നും താങ്ങില്ലെന്ന് വിശ്വരൂപം എടുക്കുന്നത്. ഇവിടെ അമ്മച്ചിയും കൊച്ചുറാണിയും പരസ്പരം പൂരിപ്പിക്കുന്നത് കാണാം. പ്രതികരിക്കുന്ന പെണ്ണിനെന്തോ കുഴപ്പമുണ്ടെന്ന വിശ്വാസം ഇപ്പോഴും അന്നമ്മയിൽ ഉണ്ടെങ്കിലും അമ്മച്ചിക്കതില്ല. 

കൊച്ചുറാണിയും അമ്മച്ചിയും (അന്നമ്മയും ) ചേർന്നുള്ള മുന്നണി ആണധികാരത്തിന്റെ അച്ചുതണ്ടിനെ പിടിച്ചു കുലുക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ കുട്ടിയമ്മമാർ ഒച്ച വെക്കുമ്പോൾ നിശബ്ദമാകുന്ന ഹോമിന്റെ വ്യവസ്ഥാപിത രൂപത്തെ അത് ചോദ്യം ചെയ്യുന്നൊന്നുമില്ല. പക്ഷെ അടുക്കളയിൽ നിന്ന്  പണിയെടുക്കുന്ന കെട്ടിയോളോട് കൊച്ചു വർത്തമാനം പറഞ്ഞ് ഒടുക്കം കുടിച്ച ചായ ഗ്ലാസ് അവിടെ വെച്ച് പോകുന്നതിൽ നിന്നും മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുമുണ്ട്. അടുക്കളയും വീട്ടുപണികളുമൊന്നും റാണിമാരുടെ തലയിൽ നിന്നും ഒഴിഞ്ഞിട്ടൊന്നുമില്ല വാൽക്കഷ്ണം രണ്ടാമത് എടുക്കേണ്ടെന്നു വെക്കാനുള്ള ദയവൊക്കെ കുടുംബനാഥന്മാർ  കാട്ടിത്തുടങ്ങിയിരിക്കുന്നു. കുടുംബമെന്ന അടഞ്ഞ സിങ്കിൽ നിന്നും ഓടി രക്ഷപ്പെടുകയല്ല മറിച്ച് അത് നന്നാക്കാനുള്ള വഴി സ്വയം കണ്ടെത്തുന്നവളാണ് കൊച്ചുറാണി .

ഒരു കുറവും ഇല്ലാത്ത കറ കളഞ്ഞ ഒന്നാണ് ഈ ഷോർട്ട് ഫിലിം എന്നൊന്നും പറയാൻ കഴിയില്ല. പക്ഷെ ഒരുപാട് പ്രേക്ഷകർക്ക്  കൊച്ചുറാണിയെ അവരുടെ നേരനുഭവങ്ങളുമായി ചേർത്ത് വെയ്ക്കാൻ സാധിക്കുന്നു എന്നതാണതിന്റെ വിജയം. ചലച്ചിതത്തിന്റെ / ക്യാമറയുടെ ഭാഷയേക്കാൾ സംഭാഷണങ്ങൾക്കാണ് കൊച്ചുറാണിയിൽ പ്രധാന്യം. ഭാര്യയെ പണിക്ക് വിടാത്തതിനാൽ സ്വന്തം മക്കളെ നന്നായി വളർത്താൻ കഴിഞ്ഞു എന്ന് പറഞ്ഞതിനു ശേഷം ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ അടുത്ത ദൃശ്യം അടിവസ്ത്രം അലക്കുന്ന മരുമകളാണ് എന്നത് ഓർക്കുമല്ലോ. സ്വന്തം ജട്ടി പോലും കഴുകാൻ കഴിയാത്ത മക്കളെയാണ് വളർത്തിയതെന്നും ഈ വീട്ടിൽ പെണ്ണുങ്ങൾക്കുള്ള സ്ഥാനം എന്താണ് എന്നും കാണിക്കുന്നതു പോലുള്ള ദൃശ്യങ്ങൾ കൊച്ചുറാണിയിൽ കാണില്ല. പകരം പെണ്ണായി നിന്നാ നീയൊന്നും താങ്ങില്ല, ആണുങ്ങൾ ചെയ്യുന്നത് പെണ്ണുങ്ങൾക്കും ആവാം, മറിച്ച് പെണ്ണുങ്ങൾ  ചെയ്യുന്നത് ഒന്ന് ചെയ്തു കാണിക്ക്  തുടങ്ങിയ തൃശൂർ ഭാഷയിലെ കട്ടക്കലിപ്പ് ഡയലോഗുകളിലാണ് കൊച്ചുറാണി ഊന്നി നിൽക്കുന്നത് ( പ്രേക്ഷകരെ ആവേശം കൊള്ളിച്ചെങ്കിലും വെല്ലുവിളി ഏതായാലും ആ വീട്ടിലെ ആണുങ്ങൾ ഏറ്റെടുത്തിട്ടില്ല. ഇതിനു ശേഷവും അടുക്കളയുടെ നാലയലത്തേക്കു പോലും പുള്ളിക്കാർ വന്നിട്ടില്ല).

അമ്മച്ചി പൊട്ടിത്തെറിക്കുന്ന പ്രധാനപ്പെട്ട രംഗത്തിലാണ് വീട്ടിലെ  എല്ലാ മുതിർന്ന കഥാപാത്രങ്ങളും ആദ്യമായി ഒരുമിച്ച്  ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. അവിടെ അവരെ വിന്യസിച്ചിരിക്കുന്നത് ക്രമം വളരെ രസകരമാണ്. ആദ്യ ഘട്ടത്തിൽ  ആണുങ്ങൾ വീട്ടിനകത്തും പെണ്ണുങ്ങൾ പുറത്തും ആയാണ് നില. അതിൽ തന്നെ രണ്ട് ആൺമക്കളുടെ നടുവിലേക്ക് അപ്പച്ചൻ കൂടി കടന്നു വരുമ്പോൾ  എല്ലാ കരുക്കളേയും ഒരുമിച്ച് ചേർത്തു കൊണ്ട് ഏറ്റവും ശക്തമായ നിലയിൽ ഉളള ഒരു വിന്യാസമാണ്. അപ്പച്ചൻ വിരൽ ചൂണ്ടിയുള്ള നിൽപ്പ്, മക്കളുടെ മുഖഭാവം എല്ലാം കൃത്യമായി അധികാരത്തിന്റെ ഏറ്റവും ഉയർന്ന ശ്രേണിയെ പ്രകടിപ്പിക്കുന്നതാണ്. മറുഭാഗത്താകട്ടെ അമ്മച്ചിയും, രണ്ടു മരുമക്കളും (സത്യത്തിൽ മൂന്നുപേരും ആ വീട്ടിലേക്ക് കെട്ടികയറി വന്നവളുമാരാണല്ലോ) തീർത്തും നിസ്സഹായമായ നിലയിലാണ്. പക്ഷെ കളത്തിന്റെ മറ്റേ അറ്റത്തെത്തിയ കാലാളെന്ന പോലെ അമ്മച്ചി മാറുന്നതോടെ കളിയുടെ ഗതിയും തിരിയുന്നു. സംഭാഷണത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ   ചെറിയ വാതിലിലൂടെ പെണ്ണുങ്ങൾ അകത്തേക്ക് കടക്കുന്നതോടെ ആണുങ്ങൾ സ്വാഭാവികമെന്നോണം പുറത്തേക്ക് എത്തുകയാണ്.  പ്രൊഫഷണൽ നാടകങ്ങളിൽ  പൊതുവേ ഉപയോഗിക്കുന്ന ഇത്തരം  ഒരു ക്രമീകരണം ഒരുക്കുന്നതിലൂടെ അധികാര കേന്ദ്രത്തിന്റെ സ്ഥാനചലനം  സംവേദനം ചെയ്യാനുളള ശ്രമമാണ് സംവിധായിക നടത്തിയത്.

ഇവിടെ മാത്രമല്ല , വീട്ടിനുള്ളിൽ വെച്ചിരിക്കുന്ന ക്യാമറയുടെ മുന്നിൽ അഭിനേതാക്കളെ കൊണ്ടു വന്നു നിർത്തുന്ന   നാടകീയമായ ശൈലിയാണ്  ഈ ഹ്രസ്വ ചിത്രത്തിൽ ഉടനീളം പുലർത്തിയിരിക്കുന്നത്. കോളേജ് പഠനകാലത്തും തുടർന്നും നാടകങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന  ഹേനചന്ദ്രന്റെ ആദ്യ സംവിധാന സംരംഭത്തിൽ ഈയൊരു  ശൈലി കടന്നുവരുന്നതിൽ അത്ഭുതപ്പെടാനില്ല .  മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളിലും ഈയൊരു രീതി കാണാമെന്നതിനാൽ തന്നെ അതൊരു കുറവായി കാണാനും കഴിയില്ല.

വളരെ ചെറിയ ബഡ്ജറ്റിൽ ഒതുങ്ങി നിന്നുകൊണ്ട് പറയാൻ ഉദ്ദേശിച്ചത്  പറഞ്ഞു ഫലിപ്പിക്കാൻ പുതുമുഖ സംവിധായികയായ ഹേന ചന്ദ്രന് കഴിഞ്ഞു എന്നത് പ്രേക്ഷക പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാം. കൂടുതൽ വലിയ ക്യാൻവാസിൽ കൂടുതൽ വലിയ ആശയങ്ങളായി ആത്മവിശ്വാസത്തോടെ വരാനുള്ള ആദ്യ ചുവടായി കൊച്ചുറാണിയുടെ വിജയത്തെ കാണേണ്ടതുണ്ട്.