എങ്ങനെ മുറിക്കണം? ‘കൊമ്പുകോർത്ത്’ അധികൃതർ; വല്ലഭന്റെ കൊമ്പ് മുറി മുടങ്ങി

മലയിൻകീഴ്; ‘ കൊമ്പുകോർത്ത് ’ വനംവകുപ്പും ദേവസ്വം ബോർഡും. വല്ലഭന്റെ കൊമ്പ് മുറിക്കുന്നത് മുടങ്ങി. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന വല്ലഭന്റെ നീളമേറിയ കൊമ്പുകൾ എങ്ങനെ മുറിക്കണം എന്നതിനെ ചൊല്ലിയാണ് തർക്കം. ഇന്നലെ രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും എത്തിയത്. ആനയുടെ ആരോഗ്യ സ്ഥിതി ഡോക്ടർ പരിശോധിച്ച ശേഷം കൊമ്പിന്റെ മുറിച്ചു മാറ്റേണ്ട ഭാഗം അടയാളപ്പെടുത്തി. പിന്നാലെയാണ് കൊമ്പിന്റെ നീളം ക്രമപ്പെടുത്താൻ വട്ടത്തിൽ മാത്രമേ മുറിക്കുകയുള്ളൂ എന്ന് വനംവകുപ്പ് അറിയിച്ചത്.

എന്നാൽ ശേഷിക്കുന്ന കൊമ്പ് ചെത്തി മിനുക്കി ആകൃതി വരുത്തണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കിൽ ആനയ്ക്കും പരിചരിക്കാൻ തങ്ങൾക്കും ബുദ്ധിമുട്ടാണെന്ന് പാപ്പാന്മാരും പറഞ്ഞു. ഉപദേശകസമിതിയും നാട്ടുകാരും ആനപ്രേമികളും ഇതേ ആവശ്യം ഉന്നയിച്ചു. ഉത്തരവ് പ്രകാരമുള്ള രീതിയിൽ മാത്രമേ കൊമ്പ് മുറിക്കാൻ സാധിക്കൂ എന്നും അതിൽ വിട്ടുവീഴ്ചയില്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ദിവ്യ എസ്.റോസ് അറിയിച്ചതോടെ പ്രശ്നം രൂക്ഷമായി. മൂന്ന് മണിക്കൂറോളം ചർച്ചകൾ നടന്നെങ്കിലും സമവായം ഉണ്ടായില്ല.

കൊമ്പ് മുറിക്കുന്നതോടൊപ്പം ആകൃതി വരുത്തണമെന്ന പുതിയ അപേക്ഷ ദേവസ്വംബോർഡിനോട് വനംവകുപ്പ് ഒടുവിൽ ആവശ്യപ്പെട്ടു. ഇത് കിട്ടിയാൽ തുടർ നടപടി സ്വീകരിക്കാം എന്നറിയിച്ച് വനംവകുപ്പ് അധികൃതർ മടങ്ങി. അപ്പോഴും തന്റെ ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയാതെ ഭാരമേറിയ കൊമ്പുമായി മസ്തകവും കുലുക്കി ആടി ഉലഞ്ഞ് നിൽക്കുകയായിരുന്നു വല്ലഭൻ.  അപേക്ഷ നൽകുന്നതിനുള്ള ശ്രമം തുടങ്ങിയതായി ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ വി.സതികുമാർ പറഞ്ഞു. ഒന്നര മീറ്ററോളം വരുന്ന കൊമ്പ് വല്ലഭന് തീറ്റ ചുമക്കുന്നതിനും കിടക്കുന്നതിനും തടസ്സമാണ്.