കുടയുടെ ആകൃതി, ശരീരത്തിലായാൽ ചൊറിച്ചിലും തടിപ്പും; മഹാമാരി പോലെ കടൽച്ചൊറി

വലപ്പാട്: കടലിൽ  മഹാമാരി പോലെ മുൻപില്ലാത്ത വിധം  കടൽച്ചൊറി നിറഞ്ഞു .വല നിറയെ കാലുകൾ നീണ്ട കടൽച്ചൊറികൾ  നിറഞ്ഞതിനാൽ തീരദേശമേഖലയിൽ  50 വള്ളങ്ങളിലെ വലകൾ മുറിഞ്ഞു. 40 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്നു വള്ളം ഉടമകൾ. ഇന്നലെ പുലർച്ചെ കടലിൽ മത്സ്യബന്ധനത്തിന് പോയ മുറി വള്ളങ്ങളിലെ വലകളാണ് നശിച്ചത്. കഴിമ്പ്രം, പാലപ്പെട്ടി,ചാമക്കാല, കോതകുളം ബീച്ച്,വട്ടപ്പരത്തി, തളിക്കുളം ഭാഗങ്ങളിലാണ് കടൽ ചൊറിയുടെ രൂക്ഷത  അനുഭവപ്പെട്ടത്. അരക്കിലോ മുതൽ 7 കിലോയിലേറെ ഭാരമുള്ള കടൽച്ചൊറികളാണ് വലകളിൽ ഉണ്ടായിരുന്നത്.

കടലിനടിത്തട്ടിൽ കിടക്കുന്ന വലയിൽ  ഒഴുക്കിൽ  കടൽച്ചൊറികൾ  വന്ന്  നിറ‍ഞ്ഞതോടെ  വല പുറത്തെടുക്കാൻ കഴിയാതെയായി. വിദഗ്ധരായ തൊഴിലാളികൾ വലയിൽ നിന്നു പല രീതിയിൽ കടൽച്ചൊറിയെ പുറത്തു കളയാൻ  ശ്രമിച്ചെങ്കിലും വിജയിച്ചില്ല.  വള്ളത്തിലേക്കു  വലകൾ  വലിച്ചുകയറ്റുന്തോറും  അടിയിൽ തൂങ്ങിക്കിടക്കുന്ന  കടൽച്ചൊറികളുടെ  ഭാരം ക്രമാതീതമായി കൂടി  വലകൾ മുറിയുകയായിരുന്നുവെന്നു തൊഴിലാളികളും ഉടമകളും  പറ‍‍ഞ്ഞു .വിവരമറി‍ഞ്ഞ് ഗീതാഗോപി എംഎൽഎ എത്തിയിരുന്നു.

മുൻ വർഷങ്ങളിലും  കടലിൽ കടൽച്ചൊറികളുണ്ടാകുമെങ്കിലും  അര നൂറ്റാണ്ടിനിടയിൽ ഇത്രയേറെ വ്യാപകമായി കടൽച്ചൊറി  ആദ്യമാണെന്നു  കടലിലെ മീൻനോട്ടക്കാരായ വിദ്ഗദ തൊഴിലാളികൾ പറയുന്നു. ഇന്നലെ കഴിമ്പ്രം ഭാഗത്ത് നിന്നു  12 വള്ളങ്ങളാണ് പോയത്. ഇതിൽ 9 മുറിവള്ളക്കാർക്കാണ് കൂടുതൽ നഷ്ടം  പുറമേ  ശക്തമായ കരക്കാറ്റ് വള്ളക്കാരെ വലച്ചു. വള്ളങ്ങൾ  ചരിയുന്ന അവസ്ഥയായി. പല  വള്ളങ്ങളിലും വെള്ളം കയറി. കാറ്റിൽ വല കിട്ടാതെയായപ്പോൾ വല മുറിക്കേണ്ടി വന്നു.  മത്സ്യവും കിട്ടിയില്ല. 9 വള്ളക്കാർക്കു മാത്രം 9 ലക്ഷം രൂപ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു.

കടൽച്ചൊറി എന്നാൽ‍

ജെല്ലിഫിഷ് വിഭാഗത്തിലുള്ളവയാണ് കടൽച്ചൊറി.  കുടയുടെ ആകൃതി,  ഇവയുടെ ജലാവരണത്തിനുള്ളിലെ  കട്ടിയായ ദ്രാവകം ശരീരത്തിലായാൽ അസഹ്യമായ ചൊറിച്ചിലും തടിപ്പുമുണ്ടാകും.  ഇവയെ വലയിൽ നിന്നു എളുപ്പം പുറത്തെടുത്തു കളയാനാവില്ല.  ഇതുമൂലം ഇവയെ പുറത്തെടുക്കുന്നതും ദുഷ്കരം. പുറത്തു കളയാൻ വല പൊട്ടിച്ചാൽ വലയും നശിക്കും .തീരത്ത് നിന്നു 20- 25 കിലോ മീറ്റർ ദൂരം കടലിൽ ഇവയെ കാണാറുണ്ടെന്നും വലിയ വള്ളങ്ങളിലെ മീൻ നോട്ടക്കാരായ തൊഴിലാളികൾ വ്യക്തമാക്കി. വലിയ വള്ളക്കാർക്കും  ചെറിയ വള്ളക്കാർക്കുമെല്ലാം  കടൽച്ചൊറി  ഒരുപോലെ  ഉപദ്രവമാണ്.