മുതിരയും ശർക്കരയും ചോറും മിക്സ്ചെയ്ത കേക്ക്; ഹാപ്പി ബര്‍ത്ഡേ ശ്രീക്കുട്ടി

കാട്ടാക്കട: രാവിലെ തേച്ച് കുളി. കുളികഴിഞ്ഞ് നെറ്റിൽ ഭസ്മക്കുറിയും ചാർത്തി മസ്തകത്തിൽ പൂവുമായി കുണുങ്ങി വന്ന ശ്രീക്കുട്ടിയെ കസവു നേര്യത് പുതപ്പിച്ച് വനം സെക്രട്ടറി സ്വീകരിച്ചു. വൈകിയില്ല കുറുമ്പ് കാട്ടി നിന്ന ശ്രീക്കുട്ടിയുടെ മുന്നിൽ കൂറ്റൻ കേക്ക്. കേക്കിനു മുകളിൽ വിതറിയ ചുവന്ന ചെറിപ്പഴങ്ങൾ ശ്രീക്കുട്ടി അകത്താക്കിയപ്പോൾ ചുറ്റും നിന്നവർ കൈകൊട്ടി.

മൊബൈൽ ഫോണുകളിൽ നിന്നും ‘വേണ്ടപ്പെട്ട’ക്യാമറകളിൽ നിന്നും ഫ്ലാഷ് മിന്നി. ‘മുതിരയും ശർക്കരയും ചോറും’മിക്സ്ചെയ്ത കേക്ക് മുറിച്ച് ഒരു കഷ്ണം ശ്രീക്കുട്ടിക്ക് വനം സെക്രട്ടറി ശ്രീക്കുട്ടിക്ക് നൽകിയതോടെ ചിലർ ഹാപ്പി ബർത്ഡേ പാടി. അങ്ങനെ കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിലെ ഇളംമുറക്കാരി ശ്രീക്കുട്ടിയുടെ പിറന്നാൾ ആഘോഷമാക്കി. ആഘോഷം കേമമാക്കാൻ വനം സെക്രട്ടറി രാജേഷ് കുമാർ സിൻഹ കുടുംബമായെത്തി.

പൊക്കിൾക്കൊടി പോലും ഉണങ്ങാത്ത നിലയിൽ കിട്ടിയ ശ്രീക്കുട്ടിയുടെ ഓരോ ചലനവും നിരീക്ഷിച്ച് അപ്പപ്പോൾ വേണ്ട പരിചരണങ്ങൾ നൽകി പരിപാലിക്കാൻ ചുക്കാൻ പിടിച്ച ഡോക്ടർ ഇ.കെ.ഈശ്വരനും ശ്രീക്കുട്ടി പിറന്നാൾ കേക്ക് മുറിക്കുന്നതിന് സാക്ഷിയായി. 2019 നവംബർ ആറിന് ശ്രീക്കുട്ടിയെ തെന്മല വനമേഖലയിൽ നിന്നു ലഭിച്ച, പിറന്നു വീണിട്ട് അന്നു രണ്ടു ദിവസം മാത്രം. ഒരാഴ്ചയിലേറെ കരിക്കൻവെള്ളം നൽകി വനപാലകർ ആനക്കുട്ടിയെ കാട്ടിൽ തന്നെ നിർത്തി. പക്ഷേ കൂട്ടാൻ കാട്ടാനക്കൂട്ടമെത്തിയില്ല. നവംബർ എട്ടിനു ശ്രീക്കുട്ടി കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെത്തി. 

ഒറ്റ മുറിയിൽ ഗ്ലൂക്കോസും ലാക്ടോജനും തേങ്ങാപ്പാലും ചേർത്ത കുപ്പിപ്പാലും, കരിക്കിൻവെള്ളവും നൽകി ശ്രീക്കുട്ടിയെ വളർത്തി.  വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ഇ.കെ.ഈശ്വരനായിരുന്നു ശ്രീക്കുട്ടിയെ പരിപാലിച്ചത്. ജീവനക്കാരെ പോലും ശ്രീക്കുട്ടിയുടെ കൂടിനടുത്തേക്കു അടുപ്പിച്ചില്ല. ബാലാരിഷ്ടത മാറും വരെ കാർക്കശ്യത്തോടുള്ള പരിപാലനം ശ്രീക്കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തി. ഡോ.ഇ.കെ.ഈശ്വരൻ സർവീസിൽ നിന്നു വിരമിച്ചപ്പോൾ തുടർ പരിപാലനം ഡോ.ഷൈജുവും പാപ്പാൻ ഷിബുവും. ശ്രീക്കുട്ടിയുടെ പിറന്നാളിന് സഞ്ചാരികളും സാക്ഷികളായി.