എംഎസ്‌സി കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസ്; പിഎസ്‌സി റാങ്ക് ലിസ്റ്റിലും ; തേങ്ങകച്ചവടത്തിൽ 'റാങ്ക്'

യുവതലമുറയ്ക്ക് പാഠപുസ്തകമായി മാറുകയാണു പനമരം കാപ്പുംചാൽ പാതയോരത്ത് തേങ്ങാക്കച്ചവടം നടത്തുന്ന മുള്ളൻമടയ്ക്കൽ റ്റോബിയ മാത്യു. ലോക്ഡൗൺ കാലത്തെ വിരസതയകറ്റാൻ തുടങ്ങിയ വഴിയോരക്കച്ചവടം ഈ മിടുക്കിക്കെന്ന പോലെ നാട്ടുകാർക്കും വീട്ടുകാർക്കും ഗുണമായി മാറി. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് എംഎസ്‌സി കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസോടെ പാസായി പിഎസ്‌സി റാങ്ക് പട്ടികയിലും ഇടം നേടിയയാളാണ് റ്റോബിയ.

തുകയ്ക്കു തേങ്ങ എടുത്തു കൂടിയ വിലയ്ക്കു വിറ്റ് കർഷകരെ പറ്റിക്കുന്ന ഇടനിലക്കാർക്കുള്ള താക്കീതായാണ് വഴിയോരക്കച്ചവടത്തിനിറങ്ങിയതെന്നു റ്റോബിയ പറയുന്നു. പൊതുവിപണിയിൽ ഒരു കിലോ തേങ്ങയ്ക്ക് 45 രൂപ വിലയുള്ളപ്പോൾ വീട്ടിൽ തേങ്ങ എടുക്കാൻ എത്തിയവർ കുറഞ്ഞ വില പറഞ്ഞപ്പോഴാണ് റ്റോബിയ ഈ തീരുമാനമെടുത്തത്. 

ഓണക്കാലത്ത് 2 വള്ളിക്കൊട്ട നിറയെ തേങ്ങയുമായി റ്റോബിയ കച്ചവടം തുടങ്ങി. കച്ചവടം പുരോഗമിച്ചതോടെ പിതാവ് മാത്യു തന്നെ റ്റോബിയയ്ക്ക് ഒരു ഷെഡ് കെട്ടി കൊടുത്തു. സ്വന്തം കൃഷിയിടത്തിലെ തേങ്ങയും വിഷമില്ലാത്ത കിഴങ്ങ് വിളകളും വാഴയ്ക്കയും എല്ലാം കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നറിഞ്ഞ് ആവശ്യക്കാർ കൂടി. വീടുകളിൽ നിന്നു കൂടുതൽ സാധനങ്ങൾ എത്തിക്കാൻ കൂട്ടുകാരും സഹായിച്ചതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. ഇപ്പോൾ അയൽവാസികളും റ്റോബിയയുടെ കട വഴിയാണു വിൽപന. സർക്കാർ ജോലി കിട്ടിയാൽ കച്ചവടം ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന ചെറിയൊരു വിഷമം റ്റോബിയയുടെ മനസ്സിലുണ്ട്. റ്റോബിയയുടെ അമ്മ ഗ്രേസി. അധ്യാപികയായ റ്റോണിയ സഹോദരിയാണ്.