പാകം ചെയ്യാനായി മീൻ മുറിച്ചു; നീല തിളക്കം; കാരണം ഒരു ജീവി

മത്സ്യം വാങ്ങി പാകം ചെയ്യാനായി മുറിച്ചു നോക്കിയപ്പോൾ വയറിനകത്ത് നീലനിറത്തിലുള്ള വസ്‌തുക്കൾ. ഇന്നലെ ജില്ലയുടെ ചില ഭാഗങ്ങളിൽ വാങ്ങിയ മത്സ്യത്തിന്റെ വയറിനകത്ത് നീല വസ്‌തുക്കൾ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു. കടലിന്റെ ചില മേഖലകളിൽ മാത്രം കാണുന്ന ഇരുളിൽ തിളങ്ങുന്ന ഒരു തരം ജീവിയെ മത്സ്യങ്ങൾ ഭക്ഷിച്ചതാണെന്നു പിന്നീട് കണ്ടെത്തി. കൊളത്തൂർ, പുലാമന്തോൾ ഭാഗങ്ങളിലെ ചിലർക്ക് ഈ അനുഭവമുണ്ടായി. പലയിടങ്ങളിൽ നിന്നു വാങ്ങിയ കടൽ മീനുകളിൽ നീലത്തിളക്കം കണ്ടത് ആശങ്കയുണ്ടാക്കിയിരുന്നു.

എല്ലാ കടൽ മത്സ്യങ്ങളും ഇവയെ ഭക്ഷിക്കാറില്ല. കഴിഞ്ഞ ദിവസം പഴയന്നൂരിൽ നിന്നു വാങ്ങിയ അയല ചെമ്പാൻ ഇനം മത്സ്യത്തിലാണു നീലത്തിളക്കം കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതല്ലെങ്കിലും അപരിചിതമായ വസ്തു മത്സ്യത്തിനുള്ളിൽ കണ്ടതോടെ വീട്ടുകാർ മത്സ്യം പാകം ചെയ്യാതെ ഉപേക്ഷിച്ചു.

പ്ലാസ്റ്റിക്കിനോട് സാമ്യം തോന്നുന്നവയാണ് ഇവ. ഇരുട്ടിൽ തിളങ്ങുന്നുണ്ട്. അയല ചെമ്പാൻ ഇനത്തിൽപെട്ട മത്സ്യത്തിലാണ് ഇവ കണ്ടെത്തിയത്. വാങ്ങിയ മുഴുവൻ മത്സ്യവും മുറിച്ചു നോക്കിയപ്പോഴും ഇവ കണ്ടെത്തിയതായി മാലാപറമ്പ് സ്വദേശി കുന്നത്ത് വീട്ടിൽ സാം പറഞ്ഞു. കൈകളിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു. റോഡരികിലെ വാഹനത്തിൽ നിന്നാണ് സാം മത്സ്യം വാങ്ങിയത്.