കുപ്പിച്ചില്ലുകൊണ്ട് മുറിഞ്ഞു, ആർത്തവരക്തം കയ്യിൽ പറ്റി; മാലിന്യം ശേഖരിക്കുന്ന അമ്മയുടെ ജീവിതം

പലപ്പോഴും നമ്മൾ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ എവിടെ പോകുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ആരാണ് അതൊക്കെ കൈകളിൽ സ്വീകരിക്കുന്നതെന്ന് അറിയാമോ? അറപ്പ് ഉണ്ടാക്കുന്ന മാലിന്യങ്ങളിൽ തൊടുമ്പോൾ അവർ അനുഭവിക്കുന്ന അപമാനം തിരിച്ചറിഞ്ഞിട്ടുണ്ടോ? മാലിന്യം ശേഖരിക്കുന്നത് തൊഴിലാക്കിയ ഒരമ്മയുടെ അനുഭവക്കുറിപ്പാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജിൽ ശ്രദ്ധേയമാകുന്നത്. 

ഹ്യൂമൻസ് ഓഫ് ബോംബെ പങ്കുവച്ച കുറിപ്പ് വായിക്കാം;  

"എനിക്ക് 10 വയസ്സുള്ളപ്പോൾ തൊട്ട് ഈ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നു. എല്ലാ ദിവസവും ഞാൻ നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കും. പകൽ സമയത്ത് ശേഖരിച്ച മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് എന്റെ വരുമാനം. അതുകൊണ്ട് ഒരു നിശ്ചിത വരുമാനം ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ പെൻഷനൊക്കെ ലഭിക്കുക എന്നത് വെറും സ്വപ്നം മാത്രമാണ്. 

എങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഞാൻ ആഴ്ചയിൽ ഏഴു ദിവസവും, വർഷത്തിൽ 365 ദിവസവും പണിയെടുക്കുന്നു. വിശേഷ ദിവസങ്ങളിൽ എല്ലാവരും പുതുവസ്ത്രം ധരിച്ച് ആഘോഷിക്കുമ്പോൾ ഞാൻ ഈ മാലിന്യങ്ങൾക്ക് നടുവിലായിരിക്കും. ആരെങ്കിലും ഈ ജോലി ചെയ്യണമെന്ന് എനിക്കറിയാം. പക്ഷെ, ആ ‘ആരെങ്കിലും’ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വർഷങ്ങൾ കൊണ്ട് ഞാനീ അവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. 

പക്ഷെ, പകരമായി ഞാൻ ചോദിക്കുന്നത് ഒരു ചെറിയ അംഗീകാരമാണ്. നിങ്ങൾ തെരുവിൽ എന്തെങ്കിലും എറിയുമ്പോൾ അത് അപ്രത്യക്ഷമാകില്ലെന്ന് ഓർമ്മിക്കുക. ഈ ചങ്ങലയുടെ അവസാനം നിങ്ങളുടെ മാലിന്യം സ്വീകരിക്കുന്ന ഒരു വ്യക്തി ഉണ്ട്. പലതവണ തകർന്ന കുപ്പിച്ചില്ല് കൊണ്ട് എനിക്ക് പരുക്കേറ്റിട്ടുണ്ട്, ആർത്തവ പാഡുകളിൽ നിന്ന് രക്തം എന്റെ കൈകളിൽ പറ്റിയിട്ടുണ്ട്. ഞാൻ പരാതിപ്പെടുന്നില്ല, അടുത്തതവണ നിങ്ങൾ ഇവ ഉപേക്ഷിക്കുന്നതിന് മുൻപ് എന്നെക്കുറിച്ച് ചിന്തിക്കുക. ഇതുമാത്രമാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്."