4.4 മീറ്റർ നീളം 350 കിലോഗ്രാം ഭാരം, കാറിനോളം വലുപ്പം; വിനോദസഞ്ചാരകേന്ദ്രത്തിൽ രാക്ഷസമുതല

ഓസ്ട്രേലിയയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ കണ്ടെത്തിയ ഒരു മുതലയാണ്  ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇതൊരു സാധാരണ മുതലയല്ല.  ഒരു കാറിനോളം വലുപ്പമുള്ള ഭീമൻ രാക്ഷസ മുതലയാണ്. 4.4 മീറ്റർ നീളവും 350 കിലോഗ്രാമോളം ഭാരവുമാണ് ഈ വമ്പൻ മുതലക്കുള്ളത്. ഫ്ലോറ റിവർ നേച്ചർ പാർക്കിലെ ഉദ്യോഗസ്ഥരാണ് ഏതാനും ദിവസങ്ങൾ മുൻപ് മുതലയെ പിടികൂടിയത്. വിനോദസഞ്ചാരികളും പ്രദേശവാസികളും സാധാരണയായി എത്താറുള്ള ഒരു കേന്ദ്രത്തിൽ നിന്നുമാണ് മുതലയെ പിടികൂടിയത് എന്ന് സീനിയർ വൈൽഡ് ലൈഫ് റേഞ്ചറായ ജോൺ ബ്യൂർക്ക് പറയുന്നു.

മുതലയെ കണ്ടെത്തി അധികം വൈകാതെ തന്നെ പിടിയിലാക്കാനായതിനാൽ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും അപകടം ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രദേശത്ത് ഇന്നോളം കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മുതലാണിത്. കാതറിൻ നദിക്ക് സമീപത്തുനിന്നും നിന്നും മറ്റൊരു വമ്പൻ മുതലയെ പിടികൂടിയിരുന്നുവെങ്കിലും 3.3 മീറ്ററായിരുന്നു അതിന്റെ നീളം. പിടികൂടിയ മുതലയെ സമീപത്തു തന്നെയുള്ള ഫാമിലേക്ക് മാറ്റിയിട്ടുണ്ട്. പ്രജനനം നടത്തുന്നതിനു വേണ്ടിയാണ് പ്രധാനമായും മുതല ഫാമിലേക്ക് ഇവയെ എത്തിക്കുന്നത്.

മുതലകൾ ഇണചേരുന്ന കാലമായതിനാൽ ജലാശയങ്ങളുടെ അടുത്തുകൂടി പോകുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇണകളെ തേടി അവ പുറത്തിറങ്ങുന്ന സമയത്ത് കൂടുതൽ ആക്രമണകാരികളാകാൻ സാധ്യതയുള്ളതിനാലാണിത്. 1970 കൾ മുതൽ ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറി സംരക്ഷിത മേഖലയാണ്. അതിനാൽ കഴിഞ്ഞ പതിറ്റാണ്ടുകളായി മുതലകൾ ഈ പ്രദേശത്ത് എണ്ണത്തിൽ വളരെ മുന്നിലാണ്.