വീണ്ടും ട്രിപ് വിളിച്ച് ചതി; ചുറ്റിച്ച ശേഷം മുങ്ങി; നാട്ടിലെത്താനാകാതെ ഡ്രൈവർ

വീണ്ടും ട്രിപ് വിളിച്ച് ഓട്ടോക്കാരനെ പറ്റിച്ച് യാത്രക്കാരൻ. തൃശൂര് മുതൽ തിരുവനന്തപുരം വരെ ഓട്ടം വിളിച്ച് പറ്റിച്ചത് വാർത്തയായിരുന്നു. അതിന് സമാനമായ മറ്റൊരു സംഭവമാണ് തളിപ്പറമ്പിൽ നിന്നും വരുന്നത്. കോഴിക്കോടു നിന്ന് ഓട്ടോറിക്ഷ ട്രിപ് വിളിച്ചുകൊണ്ടു വന്നു ചെറുവത്തൂർ ഉൾപ്പെടെ പോയ ശേഷം പണം കൊടുക്കാതെ യാത്രക്കാരൻ മുങ്ങിയതായി പരാതി. നടക്കാവ് വെച്ചേക്കോട്ട് പറമ്പ് പി.ഷാഹിദ് ആണ് കബളിപ്പിക്കപ്പെട്ടത്. നാട്ടിലേക്ക് തിരിച്ചുപോകാേനോ ഭക്ഷണം കഴിക്കാനോ പോലും പണമില്ലാതെ വലഞ്ഞ ഓട്ടോ ഡ്രൈവർ പിന്നീട് തളിപ്പറമ്പിലെ ഓട്ടോഡ്രൈവർമാരുടെ സഹായത്തോടെ ആണ് നാട്ടിലേക്ക് തിരിച്ചുപോയത്.

4ന് രാത്രി 11ന് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് ഒരാൾ തളിപ്പറമ്പിലേക്ക് ഓട്ടോറിക്ഷ ട്രിപ് വിളിച്ചത്. പുലർച്ചയോടെ തളിപ്പറമ്പിൽ എത്തിയശേഷം ചെറുവത്തൂരേക്കു പോയി തിരിച്ചു പരിയാരം തിരുവട്ടൂരിൽ ചെന്ന് പകൽ വീണ്ടും തളിപ്പറമ്പിൽ എത്തി. പിന്നീട് ഇപ്പോൾ വരാം എന്നുപറഞ്ഞു പോയ ഇയാൾ പിന്നീട് തിരിച്ചെത്തിയില്ല. മണിക്കൂറോളം അന്വേഷിച്ച ശേഷം ഷാഹിദ് പോലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും കോഴിക്കോട് നിന്ന് ട്രിപ് വിളിച്ചതായതിനാൽ അവിടെയാണ് പരാതി നൽകേണ്ടത് എന്നായിരുന്നു മറുപടി. 

ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ വലഞ്ഞ ഷാഹിദ് ഹൈവേയിലെ ഓട്ടോ ഡ്രൈവർമാരെ സമീപിക്കുകയായിരുന്നു. വിവരമറിഞ്ഞ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം ശശി, ഐഎൻടിയുസി നേതാവ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഓട്ടോഡ്രൈവർമാർ പണം സ്വരൂപിച്ചു നൽകിയിരുന്നു. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഷാഹിദ് ഇയാളുടെ ചിത്രം എടുത്തിരുന്നു. ഷാഹിദിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.