‘അവർ ചാടും മുൻപ് ഞാൻ ലക്ഷ്യം കണ്ടു’; ആ പൊലീസുകാരന്‍ പറയുന്നു

സ്വന്തം ജോലിയിൽ നൂറ് ശതമാനം ആത്മാർത്ഥത കാണിക്കുകയും സമൂഹത്തോടുള്ള കരുതലിനായി ജീവൻ പോലും പണയപ്പെടുത്തി പ്രവർത്തിക്കുകയും ചെയ്യുന്നവർ അപൂർവ്വമാണ്. എന്നാൽ കഴിഞ്ഞ ദിവസം കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീയെ രക്ഷിച്ച വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അങ്ങനെയൊരാളാണ്. കരുതലിന്റെ മറ്റൊരു മുഖമായ കാട്ടാക്കട സ്വദേശി റഷീദ് ജലാലുദീന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഡ്യൂട്ടിക്കിടെയുണ്ടായ സംഭവത്തെക്കുറിച്ച് മനോരമ ന്യൂസ് ഡോട് കോമിനോട് സംസാരിക്കുകയാണ് റഷീദ്.

ബൈക്ക് പെട്രോളിങ്ങിനിടെ ഉച്ചയ്ക്ക് 1.30നു ശേഷം ഭക്ഷണം കഴിക്കാനായി കണ്ടെത്തിയ ഇടവേളയിലാണ് സംഭവം നടക്കുന്നത്. ആഴിമല ക്ഷേത്രത്തിലേക്കുള്ള വഴി ഒരു യുവതി തന്നോട് അന്വേഷിച്ച‌തായി മ്യൂസിയം ആൻഡ് സൂ ജീവനക്കാരിയായ മഞ്ചുഷ റഷീദിനെ ‍അറിയിക്കുന്നു‌‌‌‌‌‌‌‌. ക്ഷേത്രം അടച്ചിട്ടിരിക്കുകയാണെന്ന് പറഞ്ഞെങ്കിലും കടലിലേക്ക് ഇറങ്ങാനുള്ള വഴിയെക്കുറിച്ചും ഇവർ തിരക്കി. ഈ വിവരം പറഞ്ഞതോടെ റഷീദിന് അപകടം മണത്തു. 

അസ്വഭാവികത തോന്നിയ റഷീദ് ഉടൻ തന്നെ സ്ഥലത്തെത്തി. സാധാരണയിൽ കവിഞ്ഞ കടലിലേക്ക് നേരിട്ട്  ചാടത്തക്കവിധം ഉയരത്തിലുള്ള പാറക്കെട്ടുകളിലേക്കാവാം ഇവർ പോയതെന്ന നിഗമനത്തിലായിരുന്നു ഇത്. റഷീദിന്റെ നിഗമനം പോലെ തന്നെ യുവതി പാറക്കൂട്ടത്തിനു മുകളിലൂടെ നടന്ന് പോകുന്ന കാഴ്ചയാണ് കാണാനായത്. തെന്നലുള്ള പാറകൾക്കിടയിലൂടെ പിന്നാലെ പോയി അപകട മുന്നറിയിപ്പ് നൽകിയെങ്കിലും യുവതി പിൻമാറാൻ തയ്യാറായില്ല. ഒടുവിൽ ഒരു പാറയ്ക്ക് മുകളിൽ കയറി ചാടാൻ ശ്രമിക്കുന്നതിനിടെ റഷീദ് സാഹസികമായി പിന്നിൽ നിന്ന് പിടി കൂടുകയായിരുന്നു. തുടർന്ന് സഹായത്തിനായി അടുത്തണ്ടായിരുന്ന തൊഴിലാളികളെ വിളിച്ചു. കോവിഡ് ഭീതിമൂലം ആദ്യം വരാൻ പലരും കൂട്ടാക്കിയില്ലെന്നും സംഭവം വിശദീകരിച്ചപ്പോഴാണ് പലരും മുന്നോട്ട് വന്നതെന്നും റഷീദ് പറയുന്നു. 

'രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ എനിക്കും അപകടം സംഭവിച്ചേക്കാം. എന്നാൽ ആ സ്ത്രീക്ക് എന്‍റെ മുന്നിൽ വച്ച് എന്തെങ്കിലും സംഭവിച്ചാൽ അത് മരിക്കും വരെ മനസ്സിൽ നിന്ന് മായില്ല. പിന്നെ ഒറ്റ ചിന്ത മാത്രമായിരുന്നു., അവർ ലക്ഷ്യം കാണും മുൻപ് സ്വയം ലക്ഷ്യം കാണുക. അത് ഞാൻ നിർവേറ്റി. 'റഷീദ് മനസ്സ് തുറന്നു.

കോവിഡ് പേടിയുണ്ടായില്ലേയെന്ന് ചോദ്യത്തിനുമുണ്ട് റഷീദിന്‍റെ മറുപടി ഇങ്ങനെ: ‘ഹർത്താലോ സമരങ്ങളോ കലാപങ്ങളോ അങ്ങനെ ജീവൻ പണയം വച്ച് നേരിടേണ്ടതെല്ലാം പൊലീസുകാരുടെ ജോലിയാണ്. ഞാനിപ്പോൾ ഡ്യൂട്ടി ചെയ്യുന്നത് തന്നെ കണ്ടെയ്മെൻറ് സോണിലാണ്. തീരദേശ മേഖലയിലാണ്  കൂടുതൽ സമയവും. കോവിഡ് കാലം വന്നതോടെ ഇതൊക്കെ സ‌ഹജമായിക്കഴിഞ്ഞു. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക എന്ന് മാത്രം . അതുകൊണ്ട് ഒരു ജീവന്‍റെ കാര്യത്തിൽ‌ മാത്രം എങ്ങനെ മാറി ചിന്തിക്കും?’

'എന്‍റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിലും ഇതു തന്നെ ചെയ്യുമായിരുന്നു. പൊലീസുകാരെ എല്ലാവരും കുറ്റപ്പെടുത്തുമെങ്കിലും ഇങ്ങനെയെല്ലാമുള്ള അവസരത്തിൽ ഞങ്ങൾ രണ്ടാമതൊന്ന് ആലോചിക്കാതെ പ്രവർത്തിക്കും'. പരിഭവങ്ങളുണ്ടെങ്കിലും ജോലിയോടും സമൂഹത്തോടൊമുള്ള കടപ്പാട് റഷീദിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നു.

മറ്റുള്ളവരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത് റഷീദിന് ഇത് ആദ്യ അനുഭവമല്ല. പതിനഞ്ച് ‌വയസ്സിൽ വൈള്ളക്കെട്ടിൽ വീണ അനിയനെ മുങ്ങിയെടുത്തതും ആറ്റിൽ വീണ കൂട്ടുകാരനെ രക്ഷിച്ചതുമെല്ലാം ഈ മനക്കരുത്തിന്റെ മുൻ ഉദാഹരണങ്ങളാണ്. മുപ്പത്തി ഒൻപത് കാരനായ റഷീദ് പത്ത് വർഷമായി പൊലീസിൽ സേവനം അനു‌ഷ്ഠിക്കുന്നു. ഭാര്യ അഫ്സയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

ക‌ൺമുന്നിൽ ഒരു ജീവൻ ഇല്ലാതാകാൻ പോകുന്നത് സമയോജിതമായി ഇട‌പെട്ട്, സംരക്ഷിച്ച്, വേണ്ട കരുതൽ നൽകിയ ആ കേരള പൊലീസിന് ഒന്നടങ്കം അഭിമാനിക്കാനുള്ള അവസരമാണ് സൃഷ്ടിച്ചത്. അഭിനന്ദനങ്ങളൊക്കെ ലഭിക്കുമ്പോഴും ആ കരുതലിന്‍റെ കരങ്ങൾ കോവിഡ് ഡ്യൂട്ടിയിൽ മുഴുകിയിരിക്കുകയാണ്.