സര്‍വീസില്‍ കയറിയിട്ട് 11 മാസം മാത്രം; നീന്തല്‍ അറിയില്ല; ബാലു ചെളിയില്‍ താഴ്ന്നതാകാം

തിരുവനന്തപുരം കടയ്ക്കാവൂരില്‍ പ്രതിയെ തിരഞ്ഞുപോയ വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ബാലുവാണ് മരിച്ചത്.  പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെയാണ് അപകടം.  വള്ളംമുങ്ങി കാണാതായ ബാലുവിനെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  വള്ളംമുങ്ങിയത്  സിഐ എഴുന്നേറ്റപ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ടതുമൂലമെന്ന് വളളക്കാരന്‍ വസന്ത്  മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

വര്‍ക്കല സിഐയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം ഉച്ചയോടെ ഒട്ടകം രാജേഷിനെ തിരയവെ കടയ്ക്കാവൂര്‍ പണയില്‍ കടവ് പാലത്തിനു സമീപത്തു വെച്ചാണ് വള്ളം അപകടത്തില്‍ പെട്ടത്. സി.ഐ ഉള്‍പ്പെടെ മൂന്നു പേര്‍ വള്ളക്കാരന്‍റെ സഹായത്തോടെ നീന്തി രക്ഷപ്പെട്ടു. വെള്ളത്തിലേക്ക് വീണ ബാലുമുങ്ങിത്താഴുകയായിരുന്നു. തിരച്ചിലില്‍ കണ്ടെത്തിയ ബാലുവിനെ വര്‍ക്കല മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നീന്തല്‍ അറിയാത്ത ബാലു ചെളിയില്‍ താഴ്ന്നതാകാമെന്നാണ് പൊലീസ് നിഗമനം 

എന്നാല്‍ വള്ളം മുന്നോട്ടു നീങ്ങവേ സിഐ എഴുന്നേറ്റതാണ് ബാലന്‍സ് തെറ്റി വള്ളം മറിയാന്‍ കാരണമെന്നു വള്ളക്കാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു സര്‍വീസില്‍ കയറിയിട്ട് 11 മാസമേ ആയുള്ളു. എന്‍ജിനിയറിങ് ബിരുദധാരിയായ 27 കാരന്‍ ബാലു അവിവാഹിതനാണ്. ശിവഗിരിയില്‍ ഡ്യൂട്ടിക്കെത്തിയ ബാലു ഉള്‍പ്പെടെ പത്തു പേരെ പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഡ്യൂട്ടിക്കുള്‍പ്പെടുത്തുകയായിരുന്നു.

പോത്തന്‍കോട് സുധീഷ് വധത്തില്‍ പ്രധാന സൂത്രധാരനും ഗൂണ്ടാത്തലവനുമായ ഒട്ടകം രാജേഷിനെ മാത്രം പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. ആറ്റിങ്ങല്‍, വര്‍ക്കല ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായാണ് കടയ്ക്കാവൂരില്‍ ഒട്ടകം രാജേഷ് ഒളിവില്‍ കഴിഞ്ഞെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ത്ത് വള്ളത്തില്‍ തിരച്ചില്‍ നടത്തിയത്.