മദ്യക്കുപ്പി കൊണ്ടു സുഹൃത്തുക്കളെ കുത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം പോത്തൻകോട്ട് മദ്യക്കുപ്പി കൊണ്ടു നാലു സുഹൃത്തുക്കളെ കുത്തിപരുക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പോത്തൻകോട് മണലകം സ്വദേശി ഗോപകുമാറാണ് അറസ്റ്റിലായത്. പരുക്കേറ്റ നാലുപേരും ചികിൽസയിലാണ്. വിഡിയോ റിപ്പോർട്ട് കാണാം. 

പതിവായി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നവർക്കിടയിലാണ് തർക്കമുണ്ടായത്. ശനിയാഴ്ച രാത്രി മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം മൂർച്ഛിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന നാലുപേരെ ഗോപകുമാർ മദ്യകുപ്പി പൊട്ടിച്ച് കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. വേങ്ങോട് സ്വദേശികളായ സുരേഷ്, രാജീവ്, അജിത്ത്, അജേഷ് എന്നിവർക്കാണ് കുത്തേറ്റത്. വയറ്റിലും കൈയ്ക്കും മറ്റും പരുക്കേറ്റ നാലുപേരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തുക്കളെ കുത്തിപരുക്കേൽപ്പിച്ച ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച ഗോപകുമാറിനെ നാട്ടുകാർ തടഞ്ഞുവച്ചാണ് പൊലീസിന് കൈമാറിയത്. മുൻപും ഇവർക്കിടയിലെ തർക്കം കൈയ്യേറ്റത്തിലും മറ്റും കലാശിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗോപകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.