സീവേജ് പൈപ്പിടാനായി റോഡ് കുത്തിപ്പൊളിച്ചു; അപകടക്കെണി

തിരുവനന്തപുരം പുലയനാർ കോട്ടയിൽ  സീവേജ്  പൈപ്പിടാനായി കുത്തി പൊളിച്ചിട്ട റോഡ്  അപകടക്കെണിയാകുന്നു. 150 ലേറെ കുടുംബങ്ങൾ താമസിക്കുന്ന എസ്എൻ നഗറിലാണ് റോഡ് പൊളിച്ചിട്ടിട്ട് ഒന്നരവർഷമായിട്ടും നന്നാക്കാത്തത്.  വിഡിയോ റിപ്പോർട്ട് കാണാം. 

റോഡെന്നു വിളിക്കാൻ ബാക്കിയൊന്നുമില്ല. നല്ലൊന്നാന്തരം ചെളിക്കുണ്ട്. സർക്കാരിന്റെ അമൃത് പദ്ധതി പ്രകാരം പുതിയ സീവേജ് ലൈനിനായി 800 എംഎം പൈപ്പ് ഇടാൻ തുടങ്ങിയിട്ട് ഒന്നര വർഷo. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് പറഞ്ഞാണ് റോഡ് കുഴിച്ചത്. മധ്യ ഭാഗത്ത് കിണറുകൾ പോലെ ആഴത്തിൽ മാൻഹോളുകൾ ഭാഗികമായി പണിതിട്ടുണ്ട്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ  കൊണ്ടാണ് പണി ഇഴഞ്ഞു നീങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ചെളിക്കുഴിയായി കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്തതിനാൽ പലരും വീടുകളും പൂട്ടി വാടകവീടുകളിലേക്ക് മാറി.

രാത്രി അത്യാവശ്യമായി ആശുപത്രിയിൽ പോകണമെങ്കിൽ രോഗിയെ ചുമന്ന് വേണം  പ്രധാന റോഡിൽ എത്തിക്കാൻ. കാറുകളും ഇരുചക്രവാഹനങ്ങളും ഉള്ളവർ പ്രധാന റോഡിൽ പാർക്ക് ചെയ്ത് നടക്കണം. നാട്ടുകാരും വാർഡ് കൗൺസിലറും പലവട്ടം വാട്ടർ അതോറിറ്റിയിൽ പരാതിപ്പെട്ടിട്ടും നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്.