റെസ്റ്റോറന്റില്‍ ബഹളമുണ്ടാക്കി; യുവാക്കളെ പൊലീസ് മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം വര്‍ക്കലയില്‍ റെസ്റ്റോറന്റില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത യുവാക്കളെ പൊലീസ് മര്‍ദിച്ചതായി പരാതി. ലാത്തി കൊണ്ട് അടിച്ച് വാഹനത്തില്‍ കയറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മദ്യപിച്ച് പൊലീസിനെ ഉള്‍പ്പെടെ ആക്രമിച്ചപ്പോഴാണ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം. വിഡിയോ റിപ്പോർട്ട് കാണാം. 

ശനിയാഴ്ച രാത്രി വര്‍ക്കല ഹെലിപ്പാഡിലെ റെസ്റ്റോറന്റില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത യുവാക്കളെ പൊലീസ് ജീപ്പിലേക്ക് കയറ്റുന്ന ദൃശ്യങ്ങളാണിത്. ലാത്തി ഉപയോഗിച്ച് ആവര്‍ത്തിച്ച് അടിക്കുന്നതും ചീത്ത വിളിക്കുന്നതും വ്യക്തം. വെട്ടൂര്‍ സ്വദേശി ധീരജ്, നെടുമങ്ങാടുകാരന്‍ രതീഷ് എന്നിവരെയാണ് പൊലീസ് അടിക്കുന്നത്. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്ഥലം ലഭിച്ചില്ലെന്ന പരാതിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇരുവരും ഹോട്ടല്‍ ജീവനക്കാരുമായി വഴക്കായിരുന്നു. പ്രശ്നം അന്വേഷിക്കാനെത്തിയ പൊലീസുകാരനെയും ഇവര്‍ തള്ളി വീഴ്ത്തി. ഇതോടെയാണ് കൂടുതല്‍ പൊലീസെത്തിയതും ഇരുവരെയും ബലം പ്രയോഗിച്ച് പിടികൂടിയതും. പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും ക്രൂരമായി മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.

ജാമ്യത്തിലിറക്കാനെത്തിയ ഭാര്യയോട് പൊലീസ് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. നട്ടെല്ലിനുള്‍പ്പെടെ പരുക്കേറ്റ ഇരുവരും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എന്നാല്‍ ധീരജും രതീഷും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നെന്നും പൊലീസുകാരെ ഉള്‍പ്പെടെ ആക്രമിച്ചതോടെയാണ് അറസ്റ്റ് ചെയ്യുന്ന സമയം ബലം പ്രയോഗിക്കേണ്ടി വന്നതെന്നുമാണ് വര്‍ക്കല പൊലീസിന്റെ വിശദീകരണം.