ചില്ലറക്കാരനല്ല ഈ ‘തക്കുടു’; ഉള്ളിൽ അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ

സൂക്ഷിച്ചു നോക്കിയാൽ ‘തക്കുടു’ ഓട്ടോറിക്ഷയുടെ ഇടതുവശത്ത് ഒരു നീല ടാപ്പ് കാണാം. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാൽ ടാപ്പിനു തൊട്ടുമുകളിൽ ഒരു ഹാൻഡ്‌വാഷ് ബോട്ടിൽ റെക്സിൻ കവറിനിടയിലൂടെ തല നീട്ടി നിൽക്കുന്നുമുണ്ടാകും. ബോട്ടിലിന്റെ അടപ്പിൽ അമർത്തി ഹാൻഡ്‌വാഷ് കൈകളിലേക്ക് എടുത്താൽ ഓട്ടോറിക്ഷയുടെ സാരഥി രാജേഷ് ടാപ്പ് തുറന്നു നൽകും. ഹാൻഡ്‌വാഷ് വേണ്ടാത്തവർക്കായി സാനിറ്റൈസറും ഇദ്ദേഹം വണ്ടിയിൽ കരുതിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകന്റെ കണിശതയോടെയാണു താഴെചൊവ്വ സ്റ്റാൻഡിലെ ഡ്രൈവറായ തോട്ടട തീർഥം വീട്ടിൽ എ.എം.രാജേഷ് തന്റെ ഓട്ടോറിക്ഷ കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ചു തയാറാക്കിയിരിക്കുന്നത്. 10 ലീറ്ററിന്റെ ഒരു കന്നാസും പൈപ്പും ടാപ്പും ചേർന്നതാണ് രാജേഷിന്റെ ‘മൊബൈൽ ഹാൻഡ്‌വാഷ് കിയോസ്ക്’. കന്നാസ് ഉറപ്പിച്ചിരിക്കുന്ന മെറ്റൽ സ്റ്റാൻഡ് ഓട്ടോറിക്ഷയുടെ വലതുഭാഗത്തു സ്ഥാപിച്ചിരിക്കുകയാണ്. തന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർക്കു മാത്രമല്ല ആർക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നാണു രാജേഷിന്റെ നിലപാട്. കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ചു ഓട്ടോ തയാറാക്കുന്നതിനു ചെലവായ തുകയൊന്നും നഷ്ടമായി കണക്കാക്കുന്നില്ല ഈ ഓട്ടോഡ്രൈവർ. ടിഷ്യു പേപ്പറും ഇദ്ദേഹം കരുതിയിട്ടുണ്ട്.

നാട്ടുകാർക്ക് കോവിഡ് അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങളെ ആളുകൾ സംശയത്തോടെ നോക്കുന്ന രീതി മാറ്റുകയും ഇദ്ദേഹത്തിന്റെ ഉദ്ദേശമാണ്. കട്ടിയുള്ളതും സുതാര്യവുമായ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഡ്രൈവർ, പാസഞ്ചർ കാബിനുകൾ വേർതിരിച്ച ഓട്ടോറിക്ഷകൾ മാത്രമേ നിരത്തിലുള്ളു എങ്കിലും ഇറങ്ങേണ്ട സ്ഥലം എത്തുമ്പോൾ കോളിങ് ബെൽ അടിക്കാനുള്ള സംവിധാനം രാജേഷിന്റേത് ഉൾപ്പെടെ അപൂർവം വണ്ടികളിലേ കാണൂ. ഈ പ്ലാസ്റ്റിക് കവറിൽ സർക്കാർ പുറത്തിറക്കിയ കോവിഡ് മാർഗനിർദേശങ്ങൾ സ്റ്റിക്കറുകൾ ആക്കി പതിച്ചിട്ടുണ്ട്.

രാജേഷ് തന്നെ സ്വന്തം ഫോൺ ഉപയോഗിച്ചു തയാറാക്കിയ കോവിഡ് ബോധവൽക്കരണ ശബ്ദരേഖയും സവാരിക്കിടയിൽ ബ്ലൂടൂത്ത് സ്പീക്കറിലൂടെ യാത്രക്കാരനിലേക്ക് എത്തും. ഇതര സന്നദ്ധ സേവന കൂട്ടായ്മകളിൽ അംഗമായ ഇദ്ദേഹം ഗതാഗത നിയമങ്ങൾ ലംഘിക്കാതെ വാഹനം ഓടിച്ചതിന് പൊലീസിന്റെ അനുമോദനവും ഏറ്റുവാങ്ങിയിട്ടുണ്ട്.  സർജിക്കൽ ഷോപ്പിലെ ജീവനക്കാരിയായ ഭാര്യ ലതികയും മകൾ തീർഥയും രാജേഷിനു പിന്തുണയുമായി ഒപ്പമുണ്ട്. എല്ലാ ദിവസവും ഓട്ടോറിക്ഷയുടെ ഉൾവശം അണുനാശിനിയും ശുദ്ധജലവും ഉപയോഗിച്ചു കഴുകുന്നതോടെ ആണു രാജേഷിന്റെ ദിവസം അവസാനിക്കുന്നത്.